ജൈവക്കൃഷി ഊരിനുള്ള രണ്ടാം സ്ഥാനം മേമാരിക്ക്
1444901
Wednesday, August 14, 2024 11:17 PM IST
ഉപ്പുതറ: സംസ്ഥാനത്തെ ജൈവ കൃഷി ഊരിനുള്ള രണ്ടാം സ്ഥാനം മേമാരിക്ക്. വനത്തിനുള്ളിലെ 107 ഹെക്ടർ കൃഷിഭൂമി സംരക്ഷിച്ച 106 കുടുംബങ്ങളുടെ കൂട്ടായ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് പുരസ്കാരം. രണ്ടുലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് അവാർഡ്.
ഉപ്പുതറ പഞ്ചായത്തിലെ മൂന്നാം വാർഡിലെ ആദിവാസി ഉൗരാണ് മേമാരി. കണ്ണംപടി വനേമേഖലയിൽ ഒറ്റപ്പെട്ടു കിടക്കുന്ന മേമ്മാരി ഊരിലെ കർഷകരുടെ പരമ്പരാഗത കൃഷിരീതിക്കാണ് സംസ്ഥാന പുരസ്കാരം ലഭിച്ചത്.
47 ഹെക്ടർ സ്ഥലത്ത് കാപ്പി കൃഷിയും 24 ഹെക്ടർ സ്ഥലത്ത് കുരുമുളകു കൃഷിയും അവശേഷിക്കുന്ന ഭൂമിയിൽ പരമ്പരാഗത നെല്ല്, കപ്പ, ചേമ്പ്, കാച്ചിൽ, ചേന, വാഴ, പയർ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ തന്നാണ്ടു കൃഷികളുമാണ്. മറ്റു ഊരുകളിലും പ്രദേശങ്ങളിലും ഇല്ലാത്ത കൃഷി ഇനങ്ങളാണ് ഇവിടെയുള്ളത്. പെരുവാഴ, ഐ ആർ 8 തുടങ്ങിയ നെൽ വിത്തുകളാണ് ഇപ്പോഴും ഇവിടെ കൃഷി ചെയ്യുന്നത്.
കപ്പകൃഷിയിൽ പ്രധാനം മൊട്ടക്കപ്പ, അരിയൻ കപ്പ , ബ്ലോക്ക് അരിയൻ എന്നിവയാണ്. മോങ്കി, ചുണ്ടില്ലാ കണ്ണൻ, പൊന്തൻ തുടങ്ങിയ വാഴകൃഷികളുമുണ്ട്. എല്ലാം ജൈവ രീതിയിലാണ് കൃഷിചെയ്യുന്നത്. ചാണകവും, ചീമക്കൊന്നയുടെ ഇലയുമാണ് അടിവളമായി ഉപയാഗിക്കുന്നത്. 13 കർഷകർക്ക് നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷന്റെ യുണൈറ്റഡ് സ്റ്റേറ്റ് ഡവലപ്മെന്റ് അഗ്രികൾച്ചർ സർട്ടിഫിക്കറ്റു ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ കാപ്പിയും കുരുമുളകും കടൽ കടന്ന് അന്താരാഷ്ട്ര വിപണിയിലും എത്തുന്നുണ്ട്.
ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള കൃഷിരീതിക്ക് അപ്പുറം കച്ചവടക്കണ്ണില്ല എന്നതാണ് മേമാരിയിലെ ആദിവാസി കർഷകരുടെ വിജയ രഹസ്യമെന്ന് ഇവർക്ക് എല്ലാ പിന്തുണയും നൽകുന്ന ഉപ്പുതറ കൃഷി ഓഫീസർ ധന്യ ജോൺസൻ പറഞ്ഞു.
കൃഷിവകുപ്പിനു കീഴിലുള്ള രാഷ്ട്രീയ കൃഷിവികാസ് യോജന (ആർകെവിവൈ) പരമ്പരാഗത കൃഷി വികസന യോജന, ഹരിത ശ്രീ എന്നീ പദ്ധതികൾ മറ്റാരേക്കാളും പരമാവധി ഇവർ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും കൃഷി ഓഫീസർ പറഞ്ഞു.