സുരക്ഷ ഉറപ്പാക്കാതെ കല്ലാറിൽ ഹൈവേ നിർമാണം
1444900
Wednesday, August 14, 2024 11:17 PM IST
നെടുങ്കണ്ടം: മണ്ണിടിച്ചില്‍ ദുരന്തങ്ങളില്‍ നിന്നു പാഠം ഉള്‍കൊള്ളാതെ റോഡ് നിര്‍മാണം. കമ്പംമെട്ട് - വണ്ണപ്പുറം ഹൈവേയില്‍ കല്ലാര്‍ ഭാഗത്തെ നിര്‍മാണത്തിലാണ് സുരക്ഷ ഉറപ്പുവരുത്താത്തത്. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കല്ലാര്‍ പുഴയോട് ചേര്‍ന്നുള്ള ഭാഗത്ത് ചെങ്കുത്തായ മലയില്‍നിന്നു കുത്തനേ മണ്ണിടിച്ചത് ഭാവിയില്‍ കൂടുതല്‍ മണ്ണിടിച്ചിലിന് ഇടയാക്കുമെന്നാണ് ആശങ്ക ഉയരുന്നത്. ഇവിടെ ചെറിയതോതില്‍ മണ്ണിടിഞ്ഞതോടെ ഇതിനു സമീപത്തായി താമസിക്കുന്ന രണ്ടു കുടുംബങ്ങള്‍ ആശങ്കയിലാണ്. ഒരു വീടിനോടു ചേർന്നാണ് റോഡ് നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്തിരിക്കുന്നത്.
കല്ലാര്‍ പുഴയ്ക്ക് സമാന്തരമായി കടന്നുപോകുന്ന റോഡിനോടു ചേര്‍ന്ന് മുമ്പ് പലതവണ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. നിലവില്‍ വീതി വർധിപ്പിക്കാൻ റോഡരി കില്നിന്നു കുത്തനേ കൂടുതല്‍ മണ്ണെടുത്തു. ഇതോടെ മുകള്‍ ഭാഗത്ത് നിന്നും മണ്ണ് ഇടിഞ്ഞ് വീഴാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. ഏതാനും ആഴ്ചകളായി പെയ്യുന്ന മഴയില്‍ പ്രദേശത്ത് ചെറിയ മണ്ണിടിച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. പല ഭാഗത്തും മണ്ണ് അപകടരമാംവിധം വിണ്ടു നില്ക്കുന്ന അവസ്ഥയാണ്. ഏത് നിമിഷവും ഈ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാം.
രാമക്കല്‍മേട് വിനോദസഞ്ചാര കേന്ദ്രത്തിലേക്കും തമിഴ്നാട്ടിലേക്കുമടക്കം ദിവസേന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഹൈറേഞ്ചിലെ പ്രധാന പാതയാണിത്. എപ്പോഴും വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ മണ്ണിടിച്ചില്‍ ഉണ്ടായാല്‍ വന്‍ ദുരന്തത്തിനിടയാകും.
ഗ്യാപ് റോഡിലെ അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം മണ്ണിടിച്ചില്‍ പതിവാകുമ്പോഴാണ് ഇതില്‍ നിന്ന് പാഠം ഉള്‍കൊള്ളാതെയും സുരക്ഷാ നടപടികള്‍ സ്വീകരിക്കാതെയും റോഡ് നിര്‍മാണം നടത്തുന്നത്.