വനിതാ പോലീസ് ഉദ്യോഗസ്ഥയെ തല്ലിയ സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ
1444639
Tuesday, August 13, 2024 10:33 PM IST
തൊടുപുഴ: വിഐപി ഡ്യൂട്ടി ചെയ്തിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ തല്ലിയ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. മുട്ടം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സിനാജിനെയാണ് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് സസ്പെൻഡ് ചെയ്തത്. തൊടുപുഴ ഡിവൈഎസ്പി നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഞായറാഴ്ച രാവിലെ തൊടുപുഴ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ഗോവ ഗവർണർ പി.എസ്. ശ്രീധർ പിള്ള തൊടുപുഴയിൽ എത്തിയതിന്റെ ഭാഗമായുള്ള സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ. ഈ സമയം അവിടേക്കെത്തിയ ഇവർക്കു നേരേ സിനാജ് അക്രമണം നടത്തുകയായിരുന്നു. അടിയേറ്റ് വീണ വനിതാ ഉദ്യോഗസ്ഥയെ സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷിച്ചത്.
തല്ലിയ ശേഷം സിനാജ് സ്ഥലത്തുനിന്നു പോകുകയും ചെയ്തു. ഒപ്പം ജോലി ചെയ്ത മറ്റ് സഹപ്രവർത്തകർ ഉടൻ തന്നെ വനിതാ ഓഫീസറെ സ്റ്റേഷനിലെത്തിച്ചു. എന്നാൽ സംഭവത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതി നൽകാത്തതിനെത്തുടർന്ന് പോലീസ് കേസെടുത്തില്ല. ഇരുവരും പിന്നീട് ഡ്യൂട്ടിയിൽ ഹാജരാകുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സംഭവം നടന്ന സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചു. നിരവധിയാളുകൾ നോക്കി നിൽക്കേ സേനയുടെ അന്തസിന് കളങ്കം ഉണ്ടാക്കിയ സംഭവത്തിൽ കൂടുതൽ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.