ചുനാട് മേഖലയില്‍ അതി തീവ്രമഴ: വ്യാപക മണ്ണിടിച്ചിലും കൃഷിനാശവും
1444637
Tuesday, August 13, 2024 10:33 PM IST
മറയൂര്‍: മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിൽ കഴിഞ്ഞ രാത്രി പെയ്ത അതി തീവ്രമഴയില്‍ വ്യാപക നാശം. മറയൂര്‍- കാന്തല്ലുര്‍ റോഡില്‍ മൂന്നിടങ്ങളില്‍ റോഡിലേക്ക് മണ്ണും പാറക്കല്ലുകളും മരങ്ങളും കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. രാത്രി ഏട്ടോടെ ആരംഭിച്ച് മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന കനത്ത മഴ മറയൂര്‍- കാന്തല്ലൂര്‍ പ്രദേശവാസികളെ ഭീതിയിലാഴത്തി. മഴനിഴല്‍ പ്രദേശമായ മറയൂരില്‍ കാലവര്‍ഷത്തോടനുബന്ധിച്ച് നൂല് മഴമാത്രമാണ് സാധാരണ ലഭിക്കാറുള്ളത്. എന്നാല്‍, അഞ്ചുനാടിന്റെ ചരിത്രത്തില്‍ ഇത്തരത്തില്‍ കനത്ത മഴ പെയ്തിട്ടില്ലെന്ന് പ്രദേശത്തെ പഴമക്കാര്‍ പറയുന്നു. രാത്രി 11 ഒാടെ മഴ ശമിച്ചതോടെയാണ് ജനങ്ങള്‍ക്ക് ആശ്വാസമായത്.
മൂന്നാര്‍ - മറയൂര്‍ റോഡ്
മൂന്നാര്‍ - മറയൂര്‍ റോഡില്‍ വാഗുവരെ ഭാഗത്ത് കുത്തൊഴുക്കില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു ഗതാഗതം തടസപ്പെട്ടു. ചട്ടമൂന്നാര്‍ വനംവകുപ്പ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്ന മേഖലയിലേക്ക് കുതിച്ചെത്തിയ മഴവെള്ളത്തില്‍ ഭയന്ന ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. ചില വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി. ചെളിയും മണലും മാറ്റിയാല്‍ മാത്രമേ വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാന്‍ സാധിക്കൂ എന്ന നിലയിലാണ്.
ആദിവാസി മേഖല
മറയൂര്‍ ആദിവാസിമേഖലയിലെ വത്സപ്പെട്ടി കൂടാല്ലാര് കുടിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കാന്തല്ലൂരില്‍ നിന്നു വട്ടവടയിലേക്കുള്ള റോഡ് ഒലിച്ചുപോയി. ഏക്കര്‍ കണക്കിന് കൃഷിഭൂമി നശിച്ചു. വെള്ളുത്തുള്ളി, ക്യാരറ്റ് ഉള്‍പ്പെടയുള്ള കൃഷി നശിച്ചു. മിക്ക സ്ഥലങ്ങളിലും മണ്ണിടിഞ്ഞ് കൃഷി നാശം സംഭവിച്ചു.
മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ക്ക് പരിക്ക്
പാമ്പാറിന് സമീപത്തുള്ള കോവില്‍ക്കടവ് ടൗണില്‍ പാമ്പാര്‍ കരകവിഞ്ഞു തെങ്കാശിനാഥന്‍ ക്ഷേത്രത്തിലേക്ക് വെള്ളം കയറി. കോവില്‍ക്കടവ് സെന്റ് ജോര്‍ജ് പള്ളിയുടെ സമീപത്തുള്ള കൃഷ്ണന്റെ വീടിന്റെ മേല്‍ക്കൂര കനത്ത മഴയില്‍ തകര്‍ന്നു വീണു. വീട്ടിലുണ്ടായിരുന്ന കൃഷ്ണന് സാരമായി പരിക്കേറ്റു. രാത്രി ഒന്‍പതോടെയാണ് അപകടമുണ്ടായത്. വീട്ടിലുണ്ടായിരുന്ന കൃഷ്ണന്റെ ഭാര്യ മീനാക്ഷിയും മക്കളായ മഹിതയും ലോകേഷും ഓടി പുറത്തിറങ്ങി സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. പരിക്കേറ്റ കൃഷ്ണനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ ഉദുമലപേട്ടയിലേക്ക് വിദഗ്ദ ചികിത്സക്കായി കൊണടുപോയി. കീഴാന്തൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്ന് അപകടാവസ്ഥയിലായ രണ്ടു വീടുകളില്‍നിന്നും ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
മുള്‍മുനയില്‍ പുത്തൂര്‍ ഗ്രാമം
മൂന്നൂറ് വര്‍ഷങ്ങളുടെ കൂടിയേറ്റ പാരമ്പര്യമുള്ള കാര്‍ഷിക ഗ്രാമമാണ് കാന്തല്ലൂരിലെ പുത്തൂര്‍. ഇരുനൂറിനടുത്ത് കുടുംബങ്ങള്‍ കൂട്ടമായി ഗോത്ര സമാനമായാണ് താമസിക്കുന്നത്. നിത്യഹരിതവനായ മന്നവന്‍ ചോലയോട് അതിര്‍ത്തി പങ്കിടുന്ന കാര്‍ഷിക മേഖലയാണ്. കനത്ത മഴയില്‍ ഗ്രാമത്തിനുള്ളിലൂടെയും ഗ്രാമത്തിനും ചുറ്റും വെള്ളം പാഞ്ഞെത്തിയത് ഗ്രാമീണരെ ഭീതിയിലാഴ്ത്തി. ഗ്രാമത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ ഒലിച്ചു പോയി. മഴശമിച്ചതോടെ ഇവ വീണ്ടെടുക്കാന്‍ സാധിച്ചു.
ഓണക്കാല പച്ചക്കറി കൃഷി മണ്ണടിഞ്ഞു
കാന്തല്ലൂര്‍ മേഖലയില്‍ ഓണക്കാലത്തേക്ക് ഇത്തവണ കൃഷി ചെയ്തിരുന്ന പച്ചക്കറി കൃഷികൾ മുഴുവനായി നശിച്ചു. ഒറ്റരാത്രി കൊണ്ട് കാന്തല്ലൂര്‍, പെരുമല, പുത്തൂര്‍ ഭാഗത്തെ വെളുത്തുള്ളി കൃഷി മണ്ണടിഞ്ഞു. അടുത്ത മാസം വിളവെടുക്കേണ്ട വെളുത്തുള്ളി കൃഷി മണ്‍തിട്ടകള്‍ ഇടിഞ്ഞും കുത്തൊഴുക്കിലും നശിച്ചു. നൂറേക്കറിലധികം കൃഷി നശിച്ചതായാണ് കര്‍ഷകര്‍ പറയുന്നത്.
രക്ഷാപ്രവര്‍ത്തനം രാത്രി തന്നെ സജീവമാക്കി ഗ്രാമപഞ്ചായത്തും പോലീസും
മറയൂര്‍: രാത്രി പെയ്ത അതിതീവ്രമഴയില്‍ വിവിധ പ്രദേശങ്ങളില്‍ നാശ നഷ്ടവും ആശങ്കകളും ഉണ്ടായതോടെ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തും മറയൂര്‍ പോലീസും രക്ഷാ ദൗത്യവുമായി ഇറങ്ങി . കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. തങ്കച്ചല്‍, വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്യായനി, മറയൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, റവന്യു അധികൃതര്‍, സിപിഎം ലോക്കല്‍ സെക്രട്ടറി കെ. മോഹനന് എന്നിവരുടെ നേതൃത്വത്തില്‍ രാത്രി തന്നെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
കുരങ്ങിണിയിൽ ഉരുൾപൊട്ടി
രാജാക്കാട്: കേരള - തമിഴ്നാട് അതിർത്തിയിലുള്ള തമിഴ്നാട്ടിലെ കുരങ്ങിണി മേഖലയിൽ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയിൽ മലയിൽ കുടുങ്ങിയ 10 തൊഴിലാളികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കൊളുക്കുമല, ടോപ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളുടെ താഴ്ഭാഗത്തുള്ള കുരങ്ങിണിയിലെ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നവരെയാണ് ബോഡിനായ്ക്കന്നൂരിൽനിന്നുള്ള അഗ്നിശമനസേന രക്ഷപ്പെടുത്തിയത്.
മലവെള്ളപ്പാച്ചിലിന്റെ ഇടയിൽപ്പെട്ടുപോയ ജയപ്രകാശ്(50), രാജേന്ദ്രൻ (55), ഭാര്യ ലക്ഷ്മി (50), രാജ (55), ഭാര്യ വനം (40) എന്നിവരെ അഗ്നിശമന സേന കയർ ഉപയോഗിച്ച് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.