രാഷ്ട്രീയ നേട്ടത്തിനായി ആശങ്ക പ്രചരിപ്പിക്കരുതെന്ന് എല്‍ഡിഎഫ്
1444636
Tuesday, August 13, 2024 10:33 PM IST
ചെറുതോണി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ താത്കാലിക രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ആശങ്ക വിതച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന നടപടികളില്‍നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ പിന്മാറണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി. മുല്ലപ്പെരിയാര്‍ പ്രശ്നം വൈകാരികത ഇളക്കിവിട്ട് രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളെ ഭിന്നിപ്പിച്ച് പരിഹരിക്കാന്‍ കഴിയുന്നതല്ല. നയതന്ത്രജ്ഞതയോടെയും സമഭാവനയോടെയും നിയമപരമായും രാഷ്ട്രീയമായും പരിഹാരം കാണേണ്ടതാണ്.
സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ നിയമപരമായ പരിഹാരമാണ് ഉണ്ടാകേണ്ടത്. അതോടൊപ്പം പാര്‍ലമെന്റിനകത്തും പുറത്തും രാഷ്ട്രീയ പരിഹാരത്തിനുളള നടപടികള്‍ വേഗത്തിലാക്കുകയും വേണം. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുളള ഉഭയകക്ഷി ചര്‍ച്ചകളുടെ സാധ്യതകളും സര്‍ക്കാര്‍ തേടുകയാണ്.
2016 ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ സ്വീകരിച്ച് വരുന്ന നിലപാട് കേരളത്തിന് സുരക്ഷ തമിഴ്നാടിന് വെളളം എന്നുളളതാണ്.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിർമിക്കണമെന്നതാണ് കേരള സർക്കാരിന്റെ നിലപാട്. അതിനോട് രാഷ്ട്രീയ ഭേദമന്യേ എല്ലാവരും യോജിക്കുന്നുണ്ട്. എന്നാല്‍, പുതിയ ഡാം എന്ന നിര്‍ദേശവും പാരിസ്ഥിതിക അനുമതിയും നിര്‍മാണചെലവും സംബന്ധിച്ച കാര്യങ്ങളില്‍ ധാരണയും നിയമപരമായ അംഗീകാരവും ഉണ്ടാകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയാണ്. സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്മേല് കാലവിളമ്പം കൂടാതെ തീരുമാനം ഉണ്ടാകാന്‍ സാധിക്കേണ്ടതുണ്ട്.
കേന്ദ്രസര്‍ക്കാരും പാര്‍ലമെന്റും ഇക്കാര്യത്തില്‍ ശാശ്വത പരിഹാരത്തിനായി ആത്മാര്‍ഥമായി ഇടപെടണം. കേരളത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയും തമിഴ് ജനതക്ക് ജലം ലഭ്യമാകുന്നതിനും പാര്‍ലമെന്റിനെ പോരാട്ടവേദിയാക്കാന്‍ പാർലമെന്റംഗങ്ങൾക്ക് കഴിയണം. നിലവിലെ കാലാവസ്ഥയില്‍ മാറ്റമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ താഴ്വരയിലെ ജനങ്ങളുടെ പൂര്‍ണമായ സുരക്ഷ ഉറപ്പ് വരുത്താന്‍ അടിയന്തിര നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കണമെന്നും എല്‍ഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.
ഇടുക്കിയില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ കണ്‍വീനര്‍ കെ. സലീംകുമാര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ സി.വി. വര്‍ഗീസ്, ജോസ് പാലത്തിനാല്‍, അഡ്വ. കെ.ടി. മൈക്കിള്‍, കെ.എം. റോയ്, കോയ അമ്പാട്ട്, ജോണി ചെരുവുപറമ്പില്‍ തുടങ്ങിയവർ പ്രസംഗിച്ചു.