മുല്ലപ്പെരിയാർ: മർച്ചന്റ് അസോ. ഉപവാസം നാളെ തൊടുപുഴയിൽ
1444635
Tuesday, August 13, 2024 10:33 PM IST
തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷന്റെയും മർച്ചന്റ്സ് യൂത്ത് വിംഗിന്റെയും നേതൃത്വത്തിൽ മുല്ലപ്പെരിയാർ ഓർമപ്പെടുത്തൽ എന്ന പേരിൽ നാളെ സിവിൽസ്റ്റേഷനു സമീപം ഉപവാസം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 50 വർഷമാണ് മുല്ലപ്പെരിയാറിന് സുരക്ഷാകാലാവധിയായി നിശ്ചയിച്ചിരുന്നത്.
ഇപ്പോൾ 130 വർഷം പിന്നിടുന്പോൾ സംസ്ഥാനത്തെ ജനങ്ങൾ ആശങ്കയിലാണ്. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും തമിഴ്നാടും അടിയന്തര ഇടപെടൽ നടത്തണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.
രാവിലെ 9.30നു ആരംഭിക്കുന്ന ഉപവാസം വൈകുന്നേരം അഞ്ചിന് സമാപിക്കും. അഡ്വ. റസൽ ജോയി, സിനിമാതാരം അശോകൻ, അഡ്വ. സി.കെ. വിദ്യാസാഗർ, ബെന്നി ജോസഫ്, സന്തോഷ് വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് തോമസുകുട്ടി, ജില്ലാവർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്, ജനറൽസെക്രട്ടറി നജീബ് ഇല്ലത്തുപറന്പിൽ, നിയുക്ത പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി, ട്രാക്ക് പ്രസിഡന്റ് ടി.എം. ശശി പി.എം. ബേബി, അജ്മൽ തൊടുപുഴ, ഇമാം കൗണ്സിൽ ചെയർമാൻ നൗഫൽ കൗസരി, മുതലക്കോടം സെന്റ് ജോർജ് ഫൊറോന വികാരി റവ. ഡോ. ജോർജ് താനത്തുപറന്പിൽ, സ്വാമി അയ്യപ്പദാസ്, എം.എൻ. ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.
ഉപവാസത്തിന്റെ ഭാഗമായി ജനങ്ങളിൽനിന്ന് ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, വർക്കിംഗ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ്, സി.കെ. നവാസ്, അനിൽ പീടികപ്പറന്പിൽ, ടി.എൻ. പ്രസന്നകുമാർ, നാസർ സൈര, ഷെരീഫ് സർഗം എന്നിവർ പങ്കെടുത്തു.
മുല്ലപ്പെരിയാർ സമരജാഥ നാളെ ഇടുക്കിയിൽ
ഇടുക്കി: കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും മുല്ലപ്പെരിയാർ ഡാം കനത്ത വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ എൻസിപി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
മുല്ലപ്പെരിയാറിന്റെ പേരിൽ നടന്ന സമരങ്ങൾ എങ്ങുമെത്താതെ പോയ സാഹചര്യത്തിലാണ് സമരത്തിന് മുന്നിട്ടിറങ്ങാൻ എൻസിപി നേതൃത്വം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നാളെ ജില്ലയിൽ വാഹന പ്രചാരണജാഥ സംഘടിപ്പിക്കും.
എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ്കുട്ടി ജാഥ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ. ഷാജി തെങ്ങുംപിള്ളിയുടെ നേതൃത്വത്തിലാണ് വാഹന പ്രചരണജാഥ സംഘടിപ്പിക്കുന്നത്. നാളെ രാവിലെ ഒൻപതിന് മുണ്ടക്കയം മുപ്പത്തഞ്ചാം മൈലിൽ നിന്നാരംഭിച്ച് വൈകുന്നേരം ആറിന് ചപ്പാത്തിൽ സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും.
ഇതേ ആവശ്യം ഉന്നയിച്ച് 21ന് എറണാകുളത്ത് ലാലൻ ടവറിൽ എൻസിപി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും. മുല്ലപ്പെരിയാർ ഡാമിന്റെ ഭീഷണിയിൽനിന്ന് കേരളത്തെ സംരക്ഷിക്കുക എന്ന ആശയത്തോട് യോജിക്കുന്നവരുടെ ഒപ്പ് ശേഖരണവും നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.