റവ. ഡോ. സിറിയക് ഞായർകുളം സിഎംഎഫ് പൗരോഹിത്യ സുവർണജൂബിലി നിറവിൽ
1444634
Tuesday, August 13, 2024 10:33 PM IST
തീക്കോയി: റവ. ഡോ. സിറിയക് ഞായർകുളം സിഎംഎഫ് പൗരോഹിത്യസുവർണജൂബിലി നിറവിൽ. 1949 ജൂണ്‍ 20ന് തീക്കോയി ഞായർകുളം മത്തായി-ഏലി ദന്പതികളുടെ മകനായി ജനിച്ച കുറുവച്ചൻ എന്ന വിളിപ്പേരിൽ അറിയിപ്പെടുന്ന അദ്ദേഹം തന്റെ മൂന്ന് സഹോദരിമാരെയും സഹോദരനെയും അനുകരിച്ച് സമർപ്പണ ദൈവവിളി സ്വീകരിച്ചു. 1968ൽ ജർമനിയിൽ ആദ്യ വ്രതവാഗ്ദാനം നടത്തി. തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കിയശേഷം 1974 ജൂണ്‍ ഒന്‍പതിന് ക്ലരീഷ്യൻ കർദിനാൾ ആർത്തുരോ തബേരയിൽനിന്ന് ജർമനിയിലെ ആദ്യ ഭവനമായ ഡ്രൈ ഫാൾട്ടി കൈറ്റ്സ് ബർഗിൽവച്ച് പൗരോഹിത്യം സ്വീകരിച്ചു.
1974ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ഫാ. സിറിയക് കുറവിലങ്ങാട്ടെ ക്ലാരറ്റ് ഭവനിലും ബാംഗളൂരിലെ കർമലാരാം നൊവിഷേറ്റിലും പരിശീലകനായി പ്രവർത്തിച്ചു. 1976ൽ തമിഴ്നാട്ടിലെ കറുമാത്തൂരിൽ സഹോദരൻ ഫാ. മാത്യു ഞായർകുളത്തിനൊപ്പം സെമിനാരിയും സ്കൂളും ദൈവാലയവും സ്ഥാപിച്ചു.
1979ൽ ഉപരിപഠനത്തിനായി റോമിലേക്ക് പോയ ഫാ. സിറിയക് ക്ലരീഷ്യൻ ആധ്യാത്മികതയിൽ ഡോക്ടറേറ്റു നേടി. 1983 ൽ ബാംഗ്ലൂരിലുള്ള ക്ലരീഷ്യൻ സെമിനാരിയിൽ നിയമിക്കപ്പെട്ടു. പരിശീലകൻ, റെക്ടർ, പ്രൊവിൻസിന്റെ സെക്രട്ടറി, സെന്റ് പീറ്റേഴ്സ് സെമിനാരിയിലെ പ്രഫസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
കുഷ്ഠരോഗികളുടെ പുനരധിവാസ കേന്ദ്രമായ സുമ്മനഹള്ളിയിലെ സ്ഥാപനത്തിന്റെ ചുമതലയേറ്റ ഫാ. സിറിയക്കിന് രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിൽനിന്ന് പ്രവർത്തന മികവിനുള്ള അവാർഡ് ലഭിച്ചു.
1992 മുതൽ 23 വർഷം ശ്രീലങ്കയിലെ ക്ലരീഷൻ മിഷൻ പ്രവർത്തനങ്ങളിൽ മുഴുകിയ ഫാ. സിറിയക് സെമിനാരികൾ സ്ഥാപിച്ചും സുപ്പീരിയറായും സേവനം ചെയ്തു. 2015ൽ ജർമൻ പ്രൊവിൻസിലേക്ക് നിയോഗിക്കപ്പെട്ട അച്ചൻ വിയന്നയിലുള്ള ആശ്രമത്തിലും ഇടവകയിലും സേവനം ചെയ്തു. 2023 മുതൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ക്ലരീഷൻ സ്റ്റഡി ഹൗസിൽ റെക്ടറായി സേവനം തുടരുന്നു.
ഓഗസ്റ്റ് 17ന് മാതൃ ഇടവകയായ തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പൗരോഹിത്യ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൃതജ്ഞതാബലി അർപ്പിക്കും.