കുറുമാറ്റം: കുടയത്തൂർ പ്രസിഡന്റ് ഉഷാവിജയനെ അയോഗ്യയാക്കി
1444633
Tuesday, August 13, 2024 10:33 PM IST
കുടയത്തൂർ: പഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയനെ ഹൈക്കോടതി ആറു വർഷത്തേക്ക് അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽപ്പെടുത്തിയാണ് അയോഗ്യത കൽപ്പിച്ചത്. കേരള കോണ്ഗ്രസ് പ്രതിനിധിയായി മത്സരിച്ച് ജയിച്ച ഇവർ യുഡിഎഫ് പിന്തുണയോടെ ഒരു വർഷം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
പിന്നീട് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതോടെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ബിജെപി വിട്ടുനിന്നതോടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. എൽഡിഎഫ് പിന്തുണയോടെ ഇവർ പ്രസിഡന്റായി തുടരുകയായിരുന്നു.
ഇതോടെ കൂറുമാറ്റ നിരോധനനിയമത്തിന്റെ പേരിൽ ഉഷാ വിജയനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ പ്രഫ.എം.ജെ. ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്ഗ്രസ് അംഗവുമായ അഞ്ജലീന സിജോ എന്നിവർ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. പരാതി തെളിവുകൾ സഹിതം പരിഗണിച്ച കമ്മീഷൻ അയോഗ്യത കൽപ്പിക്കുകയായിരുന്നു. തുടർന്ന് ഉഷാ വിജയൻ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹർജി തള്ളിയ ഹൈക്കോടതി ആറു വർഷത്തേക്ക് അയോഗ്യയായി പ്രഖ്യാപിക്കുകയായിരുന്നു.
ലീഗ് നിലപാട് നിർണായകം
തൊടുപുഴ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ യുഡിഎഫുമായി സഹകരിക്കില്ലെന്ന മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിലപാട് കുടയത്തൂരിൽ പ്രാവർത്തികമായാൽ യുഡിഎഫ് നടത്തിയ നിയമ പോരാട്ടം പാഴാകും.
മുസ്ലിം ലീഗിന് ഒരു മെംബറാണ് പഞ്ചായത്തിലുള്ളത്. മുസ്ലീം ലീഗ് വിട്ടുനിന്നാൽ യുഡിഎഫിന് നാലംഗങ്ങളായി കുറയും. അതിനാൽ ലീഗിന്റെയും രണ്ടംഗങ്ങളുള്ള ബിജെപിയുടെയും നിലപാട് നിർണായകമാകും.