നഗരസഭാ കൗണ്‍സിലറുടെ വീടിനു നേരേ കല്ലേറ്
1444632
Tuesday, August 13, 2024 10:33 PM IST
തൊടുപുഴ: നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ ലീഗ്-കോണ്‍ഗ്രസ് സംഘർഷത്തിനു പിന്നാലെ ഒൻപതാം വാർഡ് കൗണ്‍സിലർ ജോർജ് ജോണിന്റെ വീടിനു നേരേ കല്ലേറ്.
പഴുക്കാകുളത്തുള്ള വീടിന്റെ ജനാലച്ചില്ലുകൾ പൊട്ടി വീടിനു കേടുപാട് സംഭവിച്ചു. മങ്ങാട്ടുകവല കേന്ദ്രമായി പ്രവർത്തിക്കുന്ന ആറംഗ സംഘമാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ബൈക്കിലെത്തി അസഭ്യം വിളിക്കുകയും ഭീഷണി മുഴക്കുകയും വീട്ടിലേക്ക് കല്ലെറിയുകയും ചെയ്തതെന്നാണ് പരാതി.
ഈ സമയം ജോർജ് ജോണ്‍ വീട്ടിൽ ഉണ്ടായിരുന്നില്ല. വീടിന്റെ ഗേറ്റ് പുറത്തുനിന്ന് താഴിട്ടു പൂട്ടുകയും ചെയ്ത സംഘം ഭീഷണി മുഴക്കിയാണ് സ്ഥലത്തുനിന്നു പോയത്. ഒൻപതാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോർജ് ജോണ്‍ മുസ്ലിം ലീഗ് സ്വതന്ത്രനായാണ് മത്സരിച്ച് വിജയിച്ചത്.
കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കൂടിയായ ജോർജ് ജോണ്‍ നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ ലീഗ് കൗണ്‍സിലർമാരുടെ തീരുമാനത്തിനു വിരുദ്ധമായി കോണ്‍ഗ്രസ് സ്ഥാനാർഥി കെ. ദീപക്കിനാണ് വോട്ടു ചെയ്തത്. ഇതിന്റെ വൈരാഗ്യത്തിലാണ് സാമൂഹികവിരുദ്ധ സംഘം വീടിനു നേരേ ആക്രമണം നടത്തിയതെന്നാണ് പരാതി. തന്നെ ആക്രമിക്കുമെന്ന് തെരഞ്ഞെടുപ്പു ദിവസം തന്നെ ചിലർ ഭീഷണി മുഴക്കിയിരുന്നതായി ജോർജ് ജോണ്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട് യുഡിഎഫിന് ഒപ്പം നിന്നതിന്റെ പേരിൽ മുൻ ചെയർമാൻ സനീഷ് ജോർജിനും സിപിഎം അംഗം മെർളി രാജുവിനു നേരേയും സിപിഎം പ്രവർത്തകർ ഭീഷണി ഉയർത്തിയിരുന്നു. കൗണ്‍സിൽ ഹാളിൽനിന്ന് പുറത്തിറങ്ങിയാൽ കൈകാര്യം ചെയ്യുമെന്നായിരുന്നു ഭീഷണി. തുടർന്ന് പോലീസ് സംരക്ഷണയിലാണ് ഇരുവരും പുറത്തിറങ്ങിയത്.