തൊടുപുഴ നഗരസഭ : ഭരണം കൈവിട്ടതിനു പിന്നാലെ യുഡിഎഫിൽ പൊട്ടിത്തെറി
1444631
Tuesday, August 13, 2024 10:33 PM IST
തൊടുപുഴ: തമ്മിലടി മൂലം നഗരസഭാ ഭരണം നഷ്ടമായതിനു പിന്നാലെ ജില്ലയിലെ യുഡിഎഫിൽ പൊട്ടിത്തെറി. എൽഡിഎഫിൽനിന്നു നഗരസഭ ഭരണം തിരിച്ചുപിടിക്കാൻ കഴിയുമായിരുന്ന സുവർണാവസരം കളഞ്ഞു കുളിച്ചതിനെതിരേ യുഡിഎഫ് പ്രവർത്തകരിലും അമർഷം പുകയുന്നുണ്ട്. കാലങ്ങളായുള്ള കോണ്‍ഗ്രസ് -ലീഗ് ബന്ധത്തിനാണ് തിങ്കളാഴ്ച നടന്ന നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പോടെ വിള്ളൽ വീണത്.
തൊടുപുഴ നഗരസഭയുടെ ചരിത്രത്തിൽ ഇതുവരെ കോണ്‍ഗ്രസും മുസ്ലിം ലീഗും ഒരു മുന്നണിയിൽനിന്നാണ് മത്സരിച്ചത്. കേരള കോണ്‍ഗ്രസുകൾ പല തവണ മുന്നണി മാറിയെങ്കിലും ലീഗും കോണ്‍ഗ്രസും തോളോടുതോൾ ചേർന്നാണ് തെരഞ്ഞെടുപ്പുകളെ നേരിട്ടത്.
എൽഡിഎഫിനെതിരേയുള്ള സമരമുഖങ്ങളിൽ പോലും ഒറ്റക്കെട്ടായിനിന്ന രണ്ടു പാർട്ടികളും നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പോടെ രണ്ടു പക്ഷമായി. ജില്ലയിൽ ഇനിയുള്ള യുഡിഎഫ് യോഗങ്ങളിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്നാണ് ജില്ലാ നേതാക്കളുടെ നിലപാട്.
എന്നാൽ അനുരഞ്ജന നീക്കവുമായി രണ്ടു പാർട്ടികളുടെയും സംസ്ഥാന നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.
പരസ്പരം പഴിചാരി
ലീഗും കോണ്‍ഗ്രസും
നഗരസഭാ ചെയർമാൻ പദവിയെച്ചൊല്ലിയുണ്ടായ തർക്കമാണ് ജില്ലയിൽ യുഡിഎഫിന് തലവേദനയായി മാറിയത്. യുഡിഎഫിന് ആകെയുള്ള 13 അംഗങ്ങളിൽ കോണ്‍ഗ്രസിനും ലീഗിനും ആറു പേർ വീതമാണുള്ളത്. അതിനാൽ ചെയർമാൻ പദവിക്കായി ഇരു വിഭാഗവും അവകാശ വാദമുന്നയിച്ചു. ഒരംഗം മാത്രമുള്ള കേരള കോണ്‍ഗ്രസും ചെയർമാൻ പദവി ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഇതിൽനിന്നു പിൻമാറി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 21 സീറ്റിൽ മത്സരിച്ച കോണ്‍ഗ്രസിന് ആറു സീറ്റ് മാത്രമാണുള്ളത്. എട്ടു സീറ്റിൽ മൽസരിച്ച ലീഗിന് ആറു സീറ്റ് ലഭിച്ചു. അതിനാൽ ചെയർമാൻ പദവി ലീഗിന് അവകാശപ്പെട്ടതാണെന്നും ആദ്യ ടേമിൽ തന്നെ വേണമെന്നുമായിരുന്നു ലീഗിന്റെ നിലപാട്. ഇത് കോണ്‍ഗ്രസ് അംഗീകരിക്കാതെ വന്നതോടെയാണ് ചർച്ചകൾ എങ്ങുമെത്താതെ അലസിപ്പിരിഞ്ഞത്.
ഇതിനിടെ മുൻ ചെയർമാൻ സനീഷ് ജോർജിന്റെയും എൽഡിഎഫിൽനിന്നുള്ള വനിതാ അംഗം മെർളി രാജുവിന്റെയും വോട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മുന്നേ ഉറപ്പാക്കിയിരുന്നെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ലീഗ് താത്പര്യം കാട്ടിയില്ലെന്നാണ് വിവരം.
കോണ്‍ഗ്രസാകട്ടെ ജയിക്കാനുള്ള വോട്ട് ലഭിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിൽ മുന്നോട്ടു പോയെന്നും ഇതാണ് ലീഗിനെ ചൊടിപ്പിച്ചതെന്നും പറയപ്പെടുന്നു. സനീഷ് ജോർജിന്റെയും മെർളി രാജുവിന്റെയും വോട്ടിനു പുറമെ കേരള കോണ്‍ഗ്രസ് അംഗം ജോസഫ് ജോണ്‍, ലീഗ് സ്വതന്ത്രനായി വിജയിച്ച ജോർജ് ജോണിന്റെയും വോട്ട് ഉൾപ്പെടെ കോണ്‍ഗ്രസ് സ്ഥാനാർഥി കെ. ദീപകിന് പത്തു വോട്ടു ലഭിച്ചു.
കോണ്‍ഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് ലീഗ് രണ്ടാംഘട്ട വോട്ടെടുപ്പിൽ ചെയ്തതു പോലെ അഞ്ചു വോട്ടുകളും അസാധുവാക്കിയിരുന്നെങ്കിൽ കോണ്‍ഗ്രസിന് വിജയം ഉറപ്പിക്കാമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് ലീഗ് അംഗങ്ങൾ എൽഡിഎഫ് സ്ഥാനാർഥി സബീന ബിഞ്ചുവിന് വോട്ട് ചെയ്തതും ഇവർ വിജയിക്കാനിടയായതും. എന്നാൽ ലീഗും സിപിഎമ്മും തമ്മിൽ ഇക്കാര്യത്തിൽ മുൻധാരണയുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
നാണക്കേടായി കൈയാങ്കളി
കോണ്‍ഗ്രസ്-ലീഗ് പ്രവർത്തകർ തമ്മിൽ കൈയാങ്കളിയിൽ വരെ എത്തിയ നഗരസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് രാഷ്ട്രീയത്തിൽ തന്നെ കേട്ടു കേൾവിയില്ലാത്ത കാര്യമാണ്. ചെയർമാൻ തെരഞ്ഞെടുപ്പിൽ ഇടതു വോട്ടുകൾ യുഡിഎഫ് പാളയത്തിൽ എത്തിക്കാനുള്ള ശ്രമം ഡിസിസി നടത്തിയിരുന്നു.
നേരത്തേ ഭരണം പിടിക്കാനായി സിപിഎം നടത്തിയ അട്ടിമറിക്ക് അതേ നാണയത്തിൽ മറുപടി നൽകാനായിരുന്നു ഈ നീക്കം . എന്നാൽ മുന്നണി യോഗത്തിൽ ഇത് വിശദീകരിച്ചിട്ടും ലീഗ് വഴങ്ങിയില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം. എന്നാൽ കോണ്‍ഗ്രസ് വഞ്ചനയാണ് കാണിച്ചതെന്നും ലീഗിന്റെ സഹായത്തോടെ വിജയിച്ചവരാണ് ജില്ലയിൽ യുഡിഎഫിലെ പല തദ്ദേശ ഭരണസംവിധാനമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. ഇതിനിടെ ഇത്തരം രാഷ്ട്രീയപാപ്പരത്തം കാണിച്ചാൽ ഭാവിയിൽ മുന്നണിക്ക് ദോഷകരമായി ഭവിക്കുമെന്ന മുന്നറിയിപ്പുമായി കേരള കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.
അനുനയ നീക്കം തുടങ്ങി
നഗരസഭയിൽ കോണ്‍ഗ്രസും ലീഗുമായുണ്ടായ തർക്കം യുഡിഎഫ് ജില്ലാ കമ്മിറ്റിയിൽ വരെ പ്രതിഫലിക്കുന്ന സാഹചര്യത്തിൽ ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വം ഇടപെടും. പ്രശ്നത്തിന്റെ ഗൗരവം സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചെന്ന് മുസ്ലിം ലീഗ് ജില്ലാ നേതാക്കൾ പറഞ്ഞു. കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും വിഷയം ധരിപ്പിച്ചുവെന്നാണ് ഡിസിസി പ്രസിഡന്റ് പറഞ്ഞത്. പ്രശ്ന പരിഹാരത്തിനായി പി.ജെ.ജോസഫ് എംഎൽഎയും ഇടപെട്ടിരുന്നു.
19ന് അഞ്ചു ജില്ലകളിൽനിന്നുള്ള ചെയർമാൻമാരും കണ്‍വീനർമാരും പങ്കെടുക്കുന്ന യുഡിഎഫ് മേഖലാ യോഗം എറണാകുളത്ത് ചേരുന്നുണ്ട്. അന്ന് മുന്നണിയിലെ തർക്കം ജില്ലയിൽനിന്നുള്ള നേതാക്കൾ യോഗത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതിനിടെ അപ്രതീക്ഷിതമായുണ്ടായ വിജയത്തിൽ എൽഡിഎഫ് ക്യാന്പ് ആഹ്ലാദത്തിലാണ്.