ഷോക്കേറ്റ് മൂന്നുപേരുടെ മരണം : കുടുംബത്തിലെ അംഗത്തിന് ജോലി നൽകുന്നത് പരിശോധിക്കണം
1444630
Tuesday, August 13, 2024 10:33 PM IST
ഇടുക്കി: ശക്തമായ മഴയിൽ മരം കടപുഴകി വൈദ്യുതി ലൈനിൽ വീണതിനെത്തുടർന്ന് വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ടു മക്കളും മരിച്ച സംഭവത്തിൽ മരിച്ച മകന്റെ ഭാര്യക്ക് വൈദ്യുതി ബോർഡിൽ ജോലി നൽകാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ഇബി ഉദ്യോഗസ്ഥർ മരിച്ച കട്ടപ്പന സ്വദേശി കനകാധരൻ നായരുടെ വീട്ടിലെത്തി ആവശ്യമായ സഹായങ്ങളും സേവനങ്ങളും പരാതിക്കാരന്റെ ഭാര്യക്ക് നൽകണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
2023 ഒക്ടോബർ 10 നാണ് പാടത്ത് പുല്ലു ചെത്താനിറങ്ങിയ കനകാധരൻ നായർക്ക് (57) ഷോക്കേറ്റത്. അദ്ദേഹവും രക്ഷിക്കാൻ ശ്രമിച്ച മക്കളായ വിഷ്ണു (31) വിനീത് (28) എന്നിവരും മരിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗത്തിന് കെഎസ്ഇബി യിൽ ജോലി നൽകണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
കട്ടപ്പന കെഎസ്ഇബി എക്സിക്യുട്ടീവ് എൻജനിയറിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ശക്തമായ മഴയിൽ കനകാധരന്റെ വീടിനു പിൻഭാഗത്തുള്ള മുരിക്കും പ്ലാവും കടപുഴകി വീണു. വൈദ്യുതി ലൈൻ പൊട്ടി വീണ് ഫേസ് കണ്ടക്ടർ കൃഷി സംരക്ഷണത്തിന് സ്ഥാപിച്ച വൈദ്യുതി വേലിയിൽ മുട്ടി. ഇതറിയാതെ വൈദ്യുത വേലിയിൽ സ്പർശിച്ചപ്പോഴാണ് കനകാധരൻ നായർക്ക് ഷോക്കേറ്റത്.
സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കെഎസ്ഇബി യിൽനിന്നും ആശ്വാസധനസഹായം അനുവദിക്കുന്നതിലുള്ള രേഖകൾ സമർപ്പിക്കാൻ കുടുംബാംഗങ്ങൾക്ക് നിർദേശം നൽകിയെങ്കിലും രേഖകൾ ലഭിച്ചിട്ടില്ല. രേഖകൾ ലഭിച്ചാൽ ധനസഹായമെത്തിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
കനകാധരൻ നായരുടെ ഭാര്യ ഓമനയമ്മയും മൂത്ത മകൻ വിഷ്ണുവിന്റെ ഭാര്യ ആതിരയും ഒന്നരവയസ് മാത്രമുള്ള മകൻ ഗൗതവുമാണ് കുടുംബത്തിൽ അവശേഷിക്കുന്നത്. ഇടക്കാല ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ കട്ടപ്പന കെഎസ്ഇബി എക്സിക്യുട്ടീവ് എൻജനീയർക്ക് നിർദേശം നൽകി. അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.