പാറമട അടച്ചുപൂട്ടണം: സമര പ്രഖ്യാപന കണ്വൻഷൻ നടത്തി
1444629
Tuesday, August 13, 2024 10:33 PM IST
കരിങ്കുന്നം: പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഏതാനും മാസങ്ങൾക്ക് മുന്‍പ് പ്രവർത്തനമാരംഭിച്ച പാറമട ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ സാഹചര്യത്തിൽ ഉടൻ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന കണ്വൻഷൻ നടത്തി. മ്രാല പള്ളി വികാരി ഫാ. ജേക്കബ് പല്ലോന്നിയിൽ ഉദ്ഘാടനം ചെയ്തു.
ജനവാസ കേന്ദ്രത്തിൽ ആരംഭിച്ച പാറമടയുടെ നിയന്ത്രണംവിട്ട പ്രവർത്തനത്തിലൂടെ അനേകം വീടുകൾക്കും പഞ്ചായത്ത് റോഡിനും കുടിവെള്ള പൈപ്പു ലൈനും തകരാർ സംഭവിച്ചതായി അദ്ദേഹം പറഞ്ഞു. രണ്ട് പള്ളികൾ, സെന്റ് പീറ്റേഴ്സ് യുപി സ്കൂൾ, കോണ്‍വന്റ് , മൂന്നു വാർഡുകളിലേക്ക് ജലവിതരണം നടത്തുന്ന കുടിവെള്ള ടാങ്ക്, ഹെൽത്ത് സെന്റർ, നേരത്തേ ഉരുൾപൊട്ടിയ ഇല്ലിചാരിമല തുടങ്ങിയവ പാറമടയുടെ പ്രവർത്തനം മൂലം ഭീഷണിയിലാണെന്ന് നാട്ടുകാർ പറഞ്ഞു.
സമരസമിതി ചെയർമാൻ എൻ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ്, വൈസ് പ്രസിഡന്റ് ടിന്റു ജോസ്, ദിലീപ്കുമാർ, മത്തച്ചൻ പുരയ്ക്കൽ, ഷിജോ അഗസ്റ്റിൻ, ജിയോ ജോസ്, ഷിബി കുര്യൻ, ജോസ് പച്ചിക്കര, തോമസ് തെരുവേൽ തുടങ്ങിയവർ പ്രസംഗിച്ചു.