ക്ഷീരകർഷക സംഗമം സമാപിച്ചു
1444627
Tuesday, August 13, 2024 10:33 PM IST
മൂന്നാർ: മൂന്നാറിൽ രണ്ട് ദിവസങ്ങളിലായി നടന്നു വന്ന ജില്ലാ ക്ഷീരകർഷക സംഗമം സമാപിച്ചു. ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സംഗമത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പാൽ ഉത്പാദന കാര്യത്തിൽ സ്വയം പര്യാപ്തതയിൽ എത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ക്ഷീരമേഖലയിൽ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുംമെന്നും മന്ത്രി പറഞ്ഞു.
ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണസംഘങ്ങളുടെയും ആഭിമുഖ്യത്തിൽ മൂന്നാർ ലക്ഷ്മി ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തിൽ ത്രിതല പഞ്ചായത്തുകൾ, മിൽമ, മൃഗസംരക്ഷണ വകുപ്പ്, കേരള ഫീഡ്സ്, ക്ഷീരസഹകരണ സംഘങ്ങൾ, ജില്ലയിലെ മറ്റ് സഹകരണ സ്ഥാപനങ്ങൾ, ക്ഷീരകർഷകർ എന്നിവരുടെ സഹകരണത്തോടെയാണ് ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചത്. സംഗമത്തോടനുബന്ധിച്ച് സർക്കാരിന്റെ 100 ദിന പരിപാടികളിൽ ഉൾപ്പെട്ട ക്ഷീരലയം പദ്ധതിയുടെ ഉദ്ഘാടനം, മിൽക്ക് എടിഎം ഉദ്ഘാടനം, പാലുത്പന്നങ്ങളുടെ പ്രദർശനം, ഡയറി എക്സിബിഷൻ, ക്ഷീരകർഷകരെ ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
അഡ്വ. എ. രാജ എംഎൽഎ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ എം.എം. മണി, വാഴൂർ സോമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, മിൽമ പ്രതിനിധികൾ, ലക്ഷ്മി ക്ഷീര സംഘം പ്രസിഡന്റ് ഐ. ഗുരുസ്വാമി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ഷീര സംഘം ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. ക്ഷീരലയം പദ്ധതിക്ക് സ്ഥലം അനുവദിച്ച കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കന്പനിയെ ചടങ്ങിൽ അനുമോദിച്ചു.