സുപ്രീം കോടതി വിധി : അറക്കുളത്ത് പ്രസിഡന്റിനെതിരേ അവിശ്വാസത്തിന് നോട്ടീസ്
1444375
Monday, August 12, 2024 11:51 PM IST
മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസത്തിനു നോട്ടീസ്. നിലവിൽ ഇടതുപക്ഷത്തിന് ഭുരിപക്ഷമുള്ള ഇവിടെ ഭരണം ഇടതുപക്ഷത്തിനാണങ്കിലും പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനാണ്. പതിനഞ്ചംഗം പഞ്ചായത്ത് കമ്മിറ്റിയിൽ സിപിഎം - അഞ്ച്, സിപിഐ - രണ്ട്, കേരള കോണ്‍ഗ്രസ് എം - രണ്ട്, കോണ്‍ഗ്രസ് - മൂന്ന്, കേരള കോണ്‍ഗ്രസ് - ഒന്ന് , ബിജെപി - രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
പട്ടികജാതി സംവരണമാണ് പ്രസിഡന്റ് പദവി. പട്ടികജാതി വിഭാഗത്തിൽനിന്നു രണ്ടംഗങ്ങളാണുള്ളത്. ചക്കിമാലിയിൽനിന്ന് ജയിച്ച സിപിഎം പ്രതിനിധി സിന്ധുവും രണ്ടാം വാർഡിൽനിന്ന് ജയിച്ച കോണ്‍ഗ്രസിലെ കെ.എസ്. വിനോദുമാണ് പട്ടികജാതി മെംബർമാർ. ഭുരിപക്ഷ പ്രകാരം സിന്ധുവാണ് പ്രസിഡന്റാകേണ്ടിയിരുന്നതെങ്കിലും യുഡിഎഫ് നേതാക്കളുടെ പരാതിയെത്തുടന്ന് സിന്ധുവിന് പദവി ലഭിച്ചില്ല. സിന്ധു പട്ടികജാതി വിഭാഗമല്ലെന്ന കോടതിവിധിയെത്തുടർന്നാണ് പദവി നഷ്ടമായത്. അതോടെ വിനോദിനു നറുക്ക് വീഴുകയായിരുന്നു. എൽഡിഎഫ് ഹൈക്കോടതിയിൽ പോയെങ്കിലും അവിടെനിന്നും അനുകൂല വിധി ലഭിച്ചില്ല.
എന്നാൽ, കഴിഞ്ഞ ദിവസം സുപ്രീം കോടതി സിന്ധുവിന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു. എസ്എസ്എൽസി ബുക്കിൽ പട്ടികജാതി എന്നാണെങ്കിൽ അതംഗീകരിക്കണമെന്നായിരുന്നു വിധി. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് ഇടതുപക്ഷം പ്രസിഡന്റിനെതിരേ അവിശ്വാസം നൽകിയത്. അവിശ്വാസത്തിൽ എൽഡിഎഫിലെ ഒൻപത് മെംബർമാരും ഒപ്പുവച്ചിട്ടുണ്ട്. അവിശ്വാസ നോട്ടീസ് ഇടുക്കി ബിഡിഒ മുഹമ്മദ് സബീറിന് സമർപ്പിച്ചതായി സിപിഎം അംഗം കെ.എൽ. ജോസഫ് പറഞ്ഞു.