കോണ്‍ഗ്രസിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടി: മുസ്ലിം ലീഗ്
1444374
Monday, August 12, 2024 11:51 PM IST
തൊടുപുഴ: അവിഹിത ബാന്ധവത്തിലൂടെ ചെയർമാൻ സ്ഥാനം സ്വന്തമാക്കാൻ കോണ്‍ഗ്രസ് നടത്തിയ നീക്കത്തിന്റെ സ്വാഭാവികമായ തിരിച്ചടിയാണ് തൊടുപുഴ നഗരസഭയിലുണ്ടായതെന്നു മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ യുഡിഎഫുമായുള്ള സഹകരണം തത്കാലം അവസാനിപ്പിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്പുവരെ ധാരണ നിലനിർത്താൻ ലീഗ് ശ്രമിച്ചതാണ്.
എന്നാൽ ലീഗില്ലെങ്കിലും വിജയിക്കുമെന്ന ധാർഷ്ട്യമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിച്ചത്. ഇടതു മുന്നണിയിലെ ഒരാളുടെ വോട്ടുവാങ്ങിയും ഒന്‍പതാം വാർഡിലെ ലീഗ് കൗണ്‍സിലറെ വരുതിയിലാക്കിയും ഇടതുമുന്നണിയിലെ രണ്ടു പേരെ മാറ്റിനിർത്തിയും ജയിക്കാൻ കോണ്‍ഗ്രസ് ശ്രമിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗ് കൗണ്‍സിലർമാർ എൽഡിഎഫിന് അനുകൂലമായി വോട്ടുചെയ്യാൻ കാരണമായത്.
എക്കാലവും യുഡിഎഫിനുവേണ്ടി വിട്ടുവീഴ്ച ചെയ്തിട്ടുള്ള ലീഗിന് ഈ വഞ്ചന അംഗീകരിക്കാനാവില്ല. നഗരസഭയിലെ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ വിലകുറഞ്ഞ ആരോപണത്തിനു മറുപടി പറയുന്നില്ല. ലീഗ് ആരുടെയും ചെലവിലല്ല കഴിയുന്നതെന്നും യുഡിഎഫ് വിജയങ്ങൾക്കു പിന്നിൽ മുസ്ലിം ലീഗിന്റെ ശക്തമായ പ്രവർത്തനമുണ്ടന്നും നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ.എസ്. സിയാദ്, ട്രഷറർ ടി.കെ. നവാസ്, സെക്രട്ടറിമാരായ പി.എൻ. സീതി, കെ.എം. സലിം, മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ എം.എ. കരിം എന്നിവരും പങ്കെടുത്തു.
വിപ്പ് ലംഘിച്ചെന്ന ആരോപണം
അടിസ്ഥാന രഹിതം: ജോർജ് ജോണ്‍
തൊടുപുഴ: മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പിൽ താൻ വിപ്പ് ലംഘിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഒൻപതാം വാർഡ് കൗണ്‍സിലർ ജോർജ് ജോണ്‍. മുസ്ലിം ലീഗ് സീറ്റിൽ യുഡിഫ് സ്വതന്ത്രനായി വിജയിച്ച താൻ മുസ്ലിം ലീഗിന്റെ വിപ്പ് അനുസരിച്ചു ചെയർമാൻ തെരഞ്ഞെടുപ്പ് സമയത്തു ലീഗ് സ്ഥാനാർഥി എം.എ. കരിമിനാണ് വോട്ട് ചെയ്തത്.
നാലു സ്ഥാനാർഥികൾ മത്സരിച്ച ഒന്നാംഘട്ട തെരഞ്ഞെടുപ്പിലാണ് മുസ്ലിം ലീഗിന്റെ എം.എ. കരിം മത്സരിച്ചതും വിപ്പുണ്ടായിരുന്നതും. ആദ്യഘട്ടത്തിൽ കുറവ് വോട്ടുകൾ ലഭിച്ച ലീഗിന്റെ സ്ഥാനാർഥിയെ തുടർന്നുള്ള മത്സരത്തിൽനിന്ന് വരണാധികാരി ഒഴിവാക്കുകയും ചെയ്തിരുന്നു.
രണ്ടും മൂന്നുംഘട്ട വോട്ടെടുപ്പിൽ മുസ്ലിം ലീഗിന് സ്ഥാനാർഥിയോ വിപ്പോ ഉണ്ടായിരുന്നുമില്ല. യുഡിഎഫ് സ്ഥാനാർഥി മത്സരിച്ച രണ്ടുഘട്ടത്തിലും സിപിഎം സ്ഥാനാർഥിക്കു വോട്ട് നൽകേണ്ട ബാധ്യത തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.