ജനങ്ങളോട് മാപ്പു പറയണം: കേരള കോണ്‍ഗ്രസ്
1444373
Monday, August 12, 2024 11:51 PM IST
തൊടുപുഴ: യുഡിഎഫിലെ അനൈക്യവും പരസ്പരധാരണയില്ലായ്മയുമാണ് നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ കൗണ്‍സിലിൽ ഭൂരിപക്ഷം ഉണ്ടായിട്ടും എൽഡിഎഫ് വിജയത്തിനു കാരണമായതെന്നു കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗവും നഗരസഭ കൗണ്‍സിലറുമായ അഡ്വ. ജോസഫ് ജോണ്‍ പത്രസമ്മേളനത്തിൽ പറഞ്ഞു. നഗരസഭയിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിച്ചിരുന്നു. മുതലക്കോടം ഒന്‍പതാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ഉജ്വല വിജയം നേടാനായതും ഇക്കാരണത്താലാണ്.
യുഡിഎഫിൽനിന്നു കൂറുമാറിയ രണ്ടുപേരെ അയോഗ്യരാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ച് അനുകൂല വിധി നേടിയെടുക്കാനായി. എല്ലാ അനുകൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും 2020-ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കൈവിട്ടുപോയ ചെയർമാൻ സ്ഥാനം തിരികെ പിടിക്കാനുള്ള സുവർണാവസരമാണ് നഷ്ടപ്പെടുത്തിയത്. ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് ഐക്യത്തോടെ പ്രവർത്തിക്കാൻ കഴിയാത്തതാണ് പരാജയത്തിന്റെ കാരണം. ഇതു ജനങ്ങൾ പൊറുക്കില്ല.
ചെയർമാൻ തെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ യുഡിഎഫ് ഘടകകക്ഷികളായ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സ്ഥാനാർഥികൾ പരസ്പരം മത്സരിച്ചപ്പോൾ യുഡിഎഫിന് ഔദ്യോഗിക സ്ഥാനാർഥി ഇല്ലാതിരുന്നതിനാൽ താൻ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് ഇരുകക്ഷികൾക്കും വോട്ട് ചെയ്യാതെ വിട്ടുനിന്നു. ഒന്നാം റൗണ്ടിലെ ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ച ലീഗിന്റെ സ്ഥാനാർഥി പുറത്തായതോടെ രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും യുഡിഎഫിൽ കോണ്‍ഗ്രസിലെ കെ. ദീപക് മാത്രമാണ് സ്ഥാനാർഥിയായി അവശേഷിച്ചത്.
രണ്ടും മൂന്നും റൗണ്ടുകളിൽ കെ. ദീപക്കിന് വോട്ട് ചെയ്തു. ഇതു തന്റെ ധാർമികമായ ഉത്തരവാദിത്തമാണ്. തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തമ്മിലടിയിൽ കക്ഷിയാകാതെ നിഷ്പക്ഷ നിലപാടാണ് കേരള കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇനിയെങ്കിലും ജനവികാരം മാനിച്ച് യോജിച്ചുപോകാൻ ഘടകകക്ഷികൾ തയാറാകണമെന്നും അല്ലെങ്കിൽ യുഡിഎഫിനെ ജനങ്ങൾ പുച്ഛിച്ചുതള്ളുമെന്നും അദ്ദേഹം പറഞ്ഞു.