ചിന്നക്കനാലിൽ കാട്ടാന വീടു തകർത്തു
1444372
Monday, August 12, 2024 11:51 PM IST
ചിന്നക്കനാൽ: ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാനക്കൂട്ടം രണ്ടു വീടുകൾ തകർത്തു. രഞ്ജിത്ത് - സുമ ദമ്പതികളുടെ വീടും തങ്കച്ചൻ എന്നയാളുടെ വീടുമാണ് ഞായറാഴ്ച രാത്രി എട്ടോടെ കാട്ടാനകൾ തകർത്തത്. രണ്ടു വീടുകളിലും ആളുകൾ ഉണ്ടാകാത്തതിനാൽ വൻ അപകടം ഒഴിവായി.
മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി അടിമാലിയിലേക്ക് പോയതായിരുന്നു രഞ്ജിത്തും സുമയും. തങ്കച്ചൻ നേരത്തേതന്നെ ഇവിടെനിന്നു താമസം മാറിയിരുന്നു. ഒരു വർഷം മുൻപ് ആനയിറങ്കൽ ജലാശയത്തിൽകൂടി വള്ളത്തിൽ സഞ്ചരിക്കുന്നതിനിടെ മുങ്ങിമരിച്ച ഗോപിയുടെ മകളാണ് സുമ.
ആറു മാസം മുൻപും ഇവരുടെ വീടിനുനേരേ കാട്ടാനയുടെ ആക്രമണം ഉണ്ടായതാണ്. കാട്ടാനക്കൂട്ടം എത്തിയതറിഞ്ഞ് നാട്ടുകാർ ആർആർടി യൂണിറ്റിനെ വിവരമറിയിച്ചു. എന്നാൽ ആർആർടി സംഘം എത്തും മുൻപ് ആനക്കൂട്ടം കാടുകയറി.