നഗരസഭ ഓഫീസിനു മുന്നിൽ സംഘർഷം : ഭീഷണി: അംഗങ്ങൾ മടങ്ങിയത് പോലീസ് സംരക്ഷണയിൽ
1444370
Monday, August 12, 2024 11:51 PM IST
തൊടുപുഴ: നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിനു ശേഷം മുൻ ചെയർമാൻ സനീഷ് ജോർജ്, സിപിഎം അംഗം മെർളി രാജു, മുസ്ലീം ലീഗ് സ്വതന്ത്രൻ ജോർജ് ജോണ്‍ എന്നിവർ കൗണ്‍സിൽ ഹാളിൽ നിന്നും മടങ്ങിയത് പോലീസ് സംരക്ഷണയിൽ. സിപിഎം പ്രവർത്തകരിൽ നിന്നും ഭീഷണിയുയർന്നതിനെ തുടർന്നാണ് സനീഷ് ജോർജും മെർളി രാജുവും പോലീസ് സംരക്ഷണം തേടിയത്. ലീഗ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ജോർജ് ജോണ്‍ പോലീസ് സംരക്ഷണയിൽ പുറത്തെത്തിയത്. വോട്ടെടുപ്പ് നടക്കുന്നതിനിടെ നഗരസഭ ഓഫീസിനു പുറത്ത് കോണ്‍ഗ്രസ് -മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്ത മെർളി രാജുവും മുൻ ചെയർമാൻ സനീഷ് ജോർജും പുറത്തിറങ്ങിയാൽ കൈയേറ്റം ചെയ്യുമെന്ന് ചില എൽഡിഎഫ് പ്രവർത്തകർ വെല്ലുവിളി നടത്തിയതോടെ ഇവരോട് പുറത്തു പോകരുതെന്ന് പോലീസ് പറഞ്ഞു. തങ്ങൾക്ക് പോലീസ് സംരക്ഷണം വേണമെന്ന് വരണാധികാരിയായ സബ് കളക്ടർ അരുണ്‍ എസ്. നായരോടും ഇവർ ആവശ്യപ്പെട്ടിരുന്നു.
ആവശ്യമായ നടപടി സ്വീകരിക്കാൻ അദ്ദേഹവും പോലീസിനോട് നിർദേശിച്ചു. വനിതാ പോലീസിന്റെ അകന്പടിയോടെ മെർളി രാജുവിനെ പുറത്തെത്തിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും എൽഡിഎഫ് പ്രവർത്തകർ നഗരസഭ ഓഫീസിനു മുന്നിലും പിന്നിലും നിലയുറപ്പിച്ചിരുന്നതിനാൽ ഇവരെ തിരികെ കൗണ്‍സിൽ ഹാളിലെത്തിച്ചു. നഗരസഭ ഓഫീസിലും പുറത്തും തന്പടിച്ചിരുന്ന എൽഡിഎഫ് പ്രവർത്തകർ പൂർണമായും പിരിഞ്ഞു പോയതിനു ശേഷമാണ് ഉച്ച കഴിഞ്ഞ് രണ്ടോടെ ഇരുവരെയും ഹാളിനു പുറത്തെത്തിച്ച് വാഹനത്തിൽ കയറ്റിയയച്ചത്.
വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഓഫീസിനു പുറത്ത് ലീഗ് -കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിൽ വെല്ലുവിളി നടത്തുകയും തുടർന്ന് കൈയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. പ്രവർത്തകരിൽ ചിലർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, മുൻ ഡിസിസി പ്രസിഡന്റ് റോയി കെ.പൗലോസ്, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ട്രഷറർ സി.കെ.നവാസ് എന്നിവർ സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് പ്രവർത്തകർ തമ്മിലടിച്ചത്. പോലീസും നേതാക്കളും ഏറെ പണിപ്പെട്ടാണ് വലിയ സംഘർഷത്തിലേയ്ക്കു നീങ്ങാതെ പ്രവർത്തകരെ നിയന്ത്രിച്ചത്. ഇതിനിടെ ഓഫീസിനുള്ളിലേയ്ക്കു നീങ്ങിയ സിപിഎം പ്രവർത്തകരെ പോലീസ് തടഞ്ഞതും നേരിയ സംഘർഷത്തിനിടയാക്കി.