എൽഡിഎഫിന് ചെയർപേഴ്സണ്‍ പദവി
1444369
Monday, August 12, 2024 11:51 PM IST
തൊടുപുഴ: ചെയർമാൻ പദവിയെച്ചൊല്ലി യുഡിഎഫ് ഘടകകക്ഷികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് തൊടുപുഴ നഗരസഭയിൽ സിപിഎം സ്വതന്ത്ര മുസ്ലിം ലീഗ് പിന്തുണയോടെ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
ഘടകകക്ഷികളായ കോണ്‍ഗ്രസും മുസ്ലിം ലീഗും സ്ഥാനാർഥികളെ നിർത്തിയതോടെയാണ് കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഭരണം എൽഡിഎഫിന് അപ്രതീക്ഷിതമായി ലഭിച്ചത്. ചെയർപേഴ്സണായി 17-ാം വാർഡ് കൗണ്‍സിലർ സബീന ബിഞ്ചു തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 34 പേരിൽ വോട്ടെടുപ്പിനു ഹാജരായ 32 കൗണ്‍സിലർമാരിൽ ലീഗിന്റെ അഞ്ച് പേരുടെ ഉൾപ്പെടെ 14 വോട്ടുകൾ സബീന ബിഞ്ചുവിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ കെ. ദീപക്കിന് 10 വോട്ടുകളാണ് ലഭിച്ചത്. എട്ടംഗങ്ങളുള്ള ബിജെപി അവസാനവട്ട വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. യുഡിഎഫിന് ഭരണമുന്നണിയിൽ ഭൂരിപക്ഷം ലഭിച്ചിട്ടും തമ്മിലടിമൂലം അധികാരം നഷ്ടമാകുകയായിരുന്നു. ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലിക്കേസിൽപ്പെട്ട് രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മൂന്നു ഘട്ടങ്ങളായാണ് നഗരസഭാ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തിൽ കോണ്‍ഗ്രസ് പ്രതിനിധി കെ. ദീപക്, മുസ്ലിം ലീഗിലെ എം.എ. കരീം, സിപിഎം സ്വതന്ത്ര സബീന ബിഞ്ചു, ബിജെപിയിലെ സി. ജിതേഷ് എന്നിവരാണ് മത്സരിച്ചത്. ദീപക്കിന് ഏഴും കരിമിന് ആറും ജിതേഷിന് എട്ടും സബീന ബിഞ്ചുവിന് പത്തും വോട്ടുകൾ ലഭിച്ചു.
കേരള കോണ്‍ഗ്രസ് പ്രതിനിധി ജോസഫ് ജോണിന്റെ ഒരു വോട്ട് അസാധുവായി. അടുത്ത ഘട്ടത്തിൽ കുറഞ്ഞ വോട്ടു നേടിയ എം.എ. കരീമിനെ മാറ്റിനിർത്തി നടത്തിയ വോട്ടെടുപ്പിൽ സബീന ബിഞ്ചു 10, കെ. ദീപക് -ഒൻപത് , സി. ജിതേഷ് -എട്ട് എന്ന നിലയിൽ വോട്ടു ലഭിച്ചു. ലീഗ് കൗണ്‍സിലർമാരുടെ അഞ്ച് വോട്ടുകൾ അസാധുവായി. ലീഗ് സ്വതന്ത്രനായി വിജയിച്ച ജോർജ് ജോണ്‍, മുൻ ചെയർമാൻ സനീഷ് ജോർജ് എന്നിവരുടെ വോട്ടുകൾ ദീപക്കിന് ലഭിച്ചു.
ബിജെപി സ്ഥാനാർഥിയെ മാറ്റിനിർത്തി നടത്തിയ അവസാന റൗണ്ട് വോട്ടെടുപ്പിൽ സബീന ബിഞ്ചുവിന് 14 വോട്ട് ലഭിച്ചപ്പോൾ കെ. ദീപക്കിന് പത്തു വോട്ടുകളാണ് ലഭിച്ചത്. സിപിഎം സ്വതന്ത്രയായ മെർലി രാജു യുഡിഎഫിന് വോട്ടു ചെയ്തു. ഇടുക്കി സബ് കളക്ടർ അരുണ്‍ എസ്. നായർ വരണാധികാരിയായിരുന്നു. പിന്നീട് സബീന ബിഞ്ചു സബ് കളക്ടർക്കു മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
35 അംഗ കൗണ്‍സിലിൽ 11ാം വാർഡ് അംഗമായിരുന്ന മാത്യു ജോസഫ് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനായതോടെ 34 അംഗങ്ങളാണ് ഭരണസമിതിയിലുള്ളത്. ഇതിൽ എൽഡിഎഫിലെ രണ്ടംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. സിപിഎം അംഗമായ ആർ. ഹരി, സിപിഐ അംഗം ജോസ് മഠത്തിൽ എന്നിവരാണ് വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നത്. രോഗബാധിതനായതിനാലാണ് ആർ. ഹരി പങ്കെടുക്കാതിരുന്നതെന്നു സിപിഎം നേതൃത്വം പറഞ്ഞു. ജോസ് മഠത്തിൽ വിട്ടുനിന്നതിന്റെ കാരണം അറിവില്ലെന്നാണ് സിപിഐ അറിയിച്ചത്.
തമ്മിലടി യുഡിഎഫ്
മോഹം തല്ലിക്കെടുത്തി
നഗരസഭ ഭരണം ലഭിക്കുമെന്ന് ഉറപ്പായിട്ടും മുന്നണിയിലെ തമ്മിലടി മൂലം യുഡിഎഫിന് ഭരണം കൈയെത്തും ദൂരത്ത് നഷ്ടമായി. പടിക്കൽ കലമുടച്ച അവസ്ഥയായിരുന്നു യുഡിഎഫിന്. ഈ ഭരണസമിതിയുടെ ആദ്യ തെരഞ്ഞെടുപ്പിലും ഇതേ അനുഭവമാണ് യുഡിഎഫിനുണ്ടായത്. 35 അംഗ കൗണ്‍സിലിൽ ഭൂരിപക്ഷം ലഭിച്ചിട്ടും പദവിയെച്ചൊല്ലിയുണ്ടായ തർക്കം 2020-ൽ യുഡിഎഫിന് അധികാരം നഷ്ടപ്പെടുത്താനിടയാക്കി.
15 അംഗങ്ങളുടെ പിന്തുണ യുഡിഎഫ് ഉറപ്പിച്ചിരിക്കെ കൂറുമാറ്റത്തിലൂടെ അംഗങ്ങളെ അടർത്തി മാറ്റി എൽഡിഎഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫ് വിമതനായി വിജയിച്ച സനീഷ് ജോർജിനെയും മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേർത്താണ് എൽഡിഎഫ് ഭരണം പിടിച്ചെടുത്തത്. കേരള കോണ്‍ഗ്രസ് പ്രതിനിധിയായ മാത്യു ജോസഫും പിന്നീട് എൽഡിഎഫിനൊപ്പം ചേർന്നു.
യുഡിഎഫ് കോടതിയെ സമീപിച്ചതിനെ തുടർന്ന് മാത്യു ജോസഫിനെ അടുത്ത നാളിൽ അയോഗ്യനാക്കി ഉത്തരവുണ്ടായി. ഇതെ തുടർന്നാണ് കൗണ്‍സിലർമാരുടെ എണ്ണം 34 ആയത്. ഇതിൽ 13 പേരുടെ പിന്തുണ യുഡിഎഫിനുണ്ടായിരുന്നു. എൽഡിഎഫിനാകട്ടെ അംഗബലം 12 ആയി ചുരുങ്ങി. ജെസി ജോണിയുടെ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതോടെയാണ് അവർക്ക് വീണ്ടും ഭരണം ലഭിക്കാൻ സാധ്യതയേറിയത്.
സനീഷ് ജോർജ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നാലും യുഡിഎഫിന് ഭരണം ലഭിക്കാനായിരുന്നു സാധ്യത.
എന്നാൽ മാരത്തോണ്‍ ചർച്ചകൾ നടത്തിയിട്ടും പദവിയെ സംബന്ധിച്ച് യുഡിഎഫിന് ധാരണയുണ്ടാക്കാൻ കഴിഞ്ഞില്ല. ആറംഗങ്ങൾ വീതമുള്ള മുസ്ലീം ലീഗും കോണ്‍ഗ്രസും ചെയർമാൻ സ്ഥാനത്തിനായി അവകാശ വാദത്തിൽ ഉറച്ചു നിന്നു. അവസാനം പദവി വീതം വയ്ക്കാമെന്ന ധാരണ ചർച്ചയിൽ ഉയർന്നെങ്കിലും ആദ്യ ടേമിനെ ചൊല്ലിയായിരുന്നു പിന്നീട് തർക്കം. ഇരു കൂട്ടരും വിട്ടു വീഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ കളം മാറി മറിഞ്ഞ് പന്ത് എൽഡിഎഫിന്റെ കോർട്ടിലെത്തി.
എൽഡിഎഫിന് വീണുകിട്ടിയ ഭാഗ്യം
പന്ത്രണ്ടംഗങ്ങളുടെ പിന്തുണയുള്ള എൽഡിഎഫിന്റെ രണ്ടംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നിട്ടും ഭരണം അവർക്ക് വീണു കിട്ടിയത് മുസ്ലീം ലീഗിന്റെ അപ്രതീക്ഷിത നീക്കം മൂലം. അത് നേരത്തെ തിരിച്ചറിയാൻ കോണ്‍ഗ്രസിനു കഴിയാതെ പോയത് അവർക്ക് തിരിച്ചടിയായി. യുഡിഎഫിനു ചെയർമാൻ സ്ഥാനം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇന്നലെ രാവിലെ വരെ എൽഡിഎഫ് നേതൃത്വവും.
എന്നാൽ വോട്ടെടുപ്പിൽ കോണ്‍ഗ്രസും ലീഗും സ്ഥാനാർഥികളെ നിർത്തിയതോടെ ഇടതു പക്ഷത്തിനു കച്ചിത്തുരുന്പായി. ഇതിനിടെയാണ് എൽഡിഎഫിന് പരസ്യ പിന്തുണയുമായി മുസ്ലീം ലീഗ് രംഗത്തെത്തിയത്. ലീഗ് -കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം നടക്കുന്നതിനിടെ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.സിയാദാണ് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതായി അറിയിച്ചത്.
അപകടം മണത്ത കോണ്‍ഗ്രസ് നേതാക്കൾ അനുനയ നീക്കം നടത്തിയെങ്കിലും ലീഗ് ഭാരവാഹികൾ വഴങ്ങിയില്ല. ഇതോടെ സബീന ബിഞ്ചുവിന്റെ വിജയം ഉറപ്പാകുകയായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനവും മധുരപലഹാര വിതരണവും നടത്തി.