തൊടുപുഴ നഗരസഭ: ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന്: അട്ടിമറി സാധ്യതയെന്നും സൂചന
1444093
Sunday, August 11, 2024 9:46 PM IST
തൊടുപുഴ: നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്നു രാവിലെ 11ന് കൗണ്‍സിൽ ഹാളിൽ നടക്കും. നഗരസഭയുടെ നിലവിലെ കക്ഷി നില അനുസരിച്ച് യൂഡിഎഫിന് ഭരണം ലഭിക്കാനുള്ള സാധ്യത ഉണ്ടെങ്കിലും അട്ടിമറി സാധ്യതയും ഉയർന്നു വരുന്നുണ്ട്.
2020-ലെ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്ന യുഡിഎഫിൽ നിന്നും അംഗങ്ങളെ അടർത്തിയെടുത്ത് ഭരണം കൈവശപ്പെടുത്തിയ തന്ത്രം ഇത്തവണയും എൽഡിഎഫ് രംഗത്തിറക്കിയേക്കും എന്ന് സൂചനയുണ്ട്.
എന്നാൽ ഇതിനവസരം നൽകാതെ ഭരണം തിരികെ പിടിക്കാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്. എന്നാൽ ചെയർമാൻ പദവിയെ ചൊല്ലി ഉയർന്നിരിക്കുന്ന തർക്കം മുന്നണിയ്ക്ക് തലവേദനയായി മാറി.
ഇന്നലെ രാത്രി വൈകിയും മുന്നണിയിലെ ഏത് കക്ഷിക്ക് ചെയർമാൻ സ്ഥാനം നൽകും എന്നത് സംബന്ധിച്ച് തീരുമാനം ആയില്ല. കോണ്‍ഗ്രസും മുസ്ലീം ലീഗും ചെയർമാൻ പദവി വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇനിയുടെ കാലാവധി വീതം വച്ചു നൽകി സമവായത്തിനുള്ള നീക്കമാണ് യുഡിഎഫ് നേതൃത്വം നടത്തുന്നത്.
യുഡിഎഫിലെ ഈ പടലപ്പിണക്കം മുതലെടുത്ത് കഴിഞ്ഞ തവണത്തെ പോലെ അട്ടിമറിയിലൂടെ ഭരണം നില നിർത്താനാണ് എൽഡിഎഫ് നീക്കം നടത്തുന്നതെന്നാണ് വിവരം. അതിനാൽ ഇന്ന് നടക്കുന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ നാടകീയ നീക്കങ്ങൾക്ക് സാധ്യത ഉള്ളതായുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.
വിജിലൻസിന്റെ കൈക്കൂലി കേസിൽ പ്രതിയായതോടെ മുൻ ചെയർമാൻ സനീഷ് ജോർജ് പദവി രാജി വച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവിൽ യുഡിഎഫിന് -13 എൽഡിഎഫിന് - 12 ബിജെപി -8 സ്വതന്ത്രൻ - 1 എന്നിങ്ങനെയാണ് കൗണ്‍സിലർമാരുടെ എണ്ണം. കൂറുമാറ്റത്തിലൂടെ പുറത്തായ 11-ാം വാർഡംഗം മാത്യു ജോസഫിന്റെ വോട്ട് ആകെയുള്ള 35-ൽ നിന്നും കുറവു വരും. സ്വതന്ത്രനായ സനീഷ് ജോർജ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നാലും യുഡിഎഫിന് ഭരണം ലഭിക്കും. അതേ സമയം സനീഷ് ജോർജ് എൽഡിഎഫിനൊപ്പം ചേരുകയാണെങ്കിൽ 13 എന്ന നിലയിൽ ഇരു മുന്നണികളും എത്തും.
നിലവിൽ യുഡിഎഫിൽ നിന്നും രണ്ടു പേരെയാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
കോണ്‍ഗ്രസ് പ്രതിനിധിയായ കെ.ദീപക്കും ലീഗിൽ നിന്നുള്ള എം.എ കരീമും. ഇനിയുള്ള 16 മാസം പദവി പങ്കിടുമെന്ന് യുഡിഎഫിൽ ഏകദേശം ധാരണയായിട്ടുണ്ട്. എന്നാൽ ആര് ആദ്യം പദവി വഹിക്കും എന്ന കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്.
അതേസമയം കോണ്‍ഗ്രസ് സ്ഥാനാർഥിയാണ് മൽസരിക്കുന്നതെങ്കിൽ സനീഷ് ജോർജ് വോട്ട് ചെയ്യാനുള്ള സാധ്യതയുള്ളതായും സൂചനയുണ്ട്.
മറ്റ് സ്ഥാനാർഥികളാണെങ്കിൽ ആർക്ക് വോട്ട് എന്ന് തീരുമാനിച്ചിട്ടില്ല.
എൽഡിഎഫിൽ നിന്ന് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുക സിപിഐ ആയിരിക്കുമെന്നാണ് സൂചന. വൈസ് ചെയർപേഴ്സണ്‍ സ്ഥാനം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നൽകിയതോടെ ഇനിയുള്ള ചെയർമാൻ തെരഞ്ഞെടുപ്പിൽ സിപിഐക്ക് പരിഗണന നൽകണമെന്നാണ് ആവശ്യം.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം സിപിഎം നിഷേധിച്ചതായും സൂചനയുണ്ട്. ബിജെപിയാകട്ടെ തെരഞ്ഞെടുപ്പിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കാനാണ് സാധ്യത. ഇന്ന് തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് മാത്രമേ മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനിടയുള്ളു.