റോഡ് തകർന്നത് ചോദ്യംചെയ്തതിന് കോണ്ട്രാക്ടറുടെ വധഭീഷണി
1444083
Sunday, August 11, 2024 9:44 PM IST
മൂന്നാർ: റോഡ് തകർന്നത് ചോദ്യം ചെയ്തതിന് കരാറുകാരൻ പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയതായി പരാതി. മൂന്നാർ സ്വദേശിയായ റിയാസാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്.
കാലവർഷക്കെടിതിയിൽ തകർന്ന് മൂന്നാർ-സൈലൻഡ് വാലി റോഡ് കോടികൾ ചെലവഴിച്ച് പുനർനിർമിച്ചിരുന്നു. പണി പൂർത്തിയാക്കി ആറു മാസത്തിനകം ഇതു തകർന്നതോടെ റിയാസ് വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങൾ തേടിയിരുന്നു. ഇതോടെ കോണ്ട്രാക്ടർ തന്റെ ഫോണിലേക്ക് വിളിച്ച് വധഭീഷണി മുഴക്കിയതായി റിയാസ് പരാതിയിൽ പറയുന്നു.
2018ലെ പ്രളയത്തിലാണ് മൂന്നാർ - സൈലൻഡ് വാലി റോഡ് തകർന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും പ്രതിഷേധത്തിന് ഒടുവിലാണ് ദേവികുളം എംഎൽഎ ഫണ്ടിൽനിന്ന് ആറു കോടി രൂപ ചെലവഴിച്ച 19 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പണിപൂർത്തിയാക്കിയത്. എന്നാൽ, മാസങ്ങൾ പിന്നിട്ടതോടെ റോഡിന്റെ നിരവധി ഭാഗങ്ങളിൽ കുണ്ടുംകുഴിയുമായി. ഇത് നിരവധി പ്രതിഷേധങ്ങൾക്കും കാരണമായി. തുടർന്നാണ് വിവരാവകാശനിയമപ്രകാരം കാര്യങ്ങൾ മനസിലാക്കിയത്.