ഫ്രണ്ട്സ് ഏകജാലക കേന്ദ്രങ്ങളിൽനിന്നു സർക്കാർ സേവനങ്ങൾ ഒഴിവാക്കുന്നെന്ന്
1444082
Sunday, August 11, 2024 9:44 PM IST
ചെറുതോണി: ഫ്രണ്ട്സ് ഏകജാലക കേന്ദ്രങ്ങളിൽനിന്നു സർക്കാർ സേവനങ്ങൾ ഒഴിവാക്കിയതോടെ ഇത്തരം കേന്ദ്രങ്ങൾ നോക്കുകുത്തികളായി. പൊതുജനങ്ങൾക്ക് ആശ്രയമായ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ആക്ഷേപം.
സർക്കാരിന്റെ വിവിധ സേവനങ്ങൾ പൊതുനങ്ങൾക്ക് വളരെവേഗത്തിൽ ലഭിക്കുന്നതിനും വൈദ്യുതി, ടെലഫോൺ ബില്ലുകളും വാഹന സംബന്ധമായ നിരക്കുകളും യൂണിവേഴ്സിറ്റി ഫീസുകൾ ഉൾപ്പെടെ അടയ്ക്കാൻ പൊതുജനങ്ങൾ ഫ്രണ്ട്സ് ഏകജാല ക്രേന്ദങ്ങളെ ആശ്രയിച്ചിരുന്നു.
കഴിഞ്ഞ ജൂൺ 30 ഓടുകൂടി ഈ കേന്ദ്രങ്ങളിൽ വൈദ്യുതി ബിൽ സ്വീകരിക്കുന്നത് നിർത്തലാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.
ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ ഫ്രണ്ട്സ് കേന്ദ്രത്തിൽ വൈദ്യുത ബില്ല് സ്വീകരിക്കാതെ വന്നതോടെ 50 രൂപ വരെ ഓട്ടോ ചാർജ് നൽകി വഞ്ചിക്കവലയിൽ കെഎസ്ഇബി ഓഫീസിൽ പോയി ബില്ലടയ്ക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. കെഎസ്ഇബി ഓഫീസിൽ ഉച്ച കഴിഞ്ഞ് മൂന്നുവരെമാത്രമേ വൈദ്യുത ബിൽ സ്വീകരിക്കുകയുള്ളു. ഫ്രണ്ട്സ് അക്ഷയ കേന്ദ്രങ്ങൾ വൈകിയും ബില്ല് സ്വീകരിച്ചിരുന്നു. ജനസേവാകേന്ദ്രങ്ങളിൽ അടയ്ക്കുന്ന പണം സംസ്ഥാന ഐടി മിഷനിലാണ് ലഭിക്കുന്നത്. അവിടെനിന്നും യഥാസമയം വൈദ്യുതി ബോർഡിലേക്ക് നൽകാത്തതാണ് പ്രതിന്ധിക്ക് യഥാർഥ കാരണമെന്നു പറയുന്നു.
ചെറുതോണിയിൽ മാത്രം അഞ്ച് ജീവനക്കാരാണ് ഫ്രണ്ട്സ് ജനസേവ കേന്ദ്രത്തിൽ ഉള്ളത്. സംസ്ഥാനത്തിന്റെ മറ്റു കേന്ദ്രങ്ങളിലും സമാന രീതിയിലാണ് ജീവനക്കാർ ഉള്ളത്. സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്ന കേന്ദ്രങ്ങളെ അതിന്റെ സേവന പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാണ് നാട്ടുകാളുടെ ആവശ്യം.