ഷെഫീക്ക് വധശ്രമക്കേസ്: കോടതി നേരിട്ട് തെളിവെടുക്കും
1444081
Sunday, August 11, 2024 9:44 PM IST
തൊടുപുഴ: കോളിളക്കം സൃഷ്ടിച്ച ഷെഫീക്ക് വധശ്രമക്കേസിൽ ആശുപത്രിയിൽ കഴിയുന്ന ഷെഫീക്കിനെ നേരിട്ട് സന്ദർശിച്ച് തെളിവെടുക്കുന്നതിനായി തൊടുപുഴ അഡീഷണൽ സെഷൻസ് നന്പർ -1 കോടതി ജഡ്ജി ആഷ് കെ. ബാൽ ഉത്തരവിട്ടു. പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദ്ദനത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഷെഫീക്ക് ഇപ്പോൾ അൽ അസർ മെഡിക്കൽ കോളജിലാണ് കഴിയുന്നത്. സർക്കാർ സംരക്ഷണയിൽ കഴിയുന്ന ഷെഫീക്കിനെ ഈ കേസിൽ വിസ്തരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഉത്തരവ്. ഡോക്ടറുടെ സാന്നിധ്യത്തിലാകും ജഡ്ജി ഷെഫീക്കിനെ സന്ദർശിച്ച് തെളിവെടുക്കുന്നത്.
2013 ജൂലൈ 15നായിരുന്നു ഷെഫീക്കിന് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദനമേറ്റത്. തലയ്ക്കും ശരീരത്തും മാരകപരിക്കുകളോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് ക്രൂരപീഡനത്തിന്റെ വിവരങ്ങൾ പുറത്തു വന്നത്. കട്ടപ്പനയിലെയും വെല്ലൂരിലെയും ആശുപത്രികളിൽ നൽകിയ വിദഗ്ധ ചികിൽസയ്ക്കൊടുവിലാണ് ഷെഫീക്ക് ജീവിതത്തിലേക്കു തിരിച്ചുവന്നത്.
തലച്ചോറിനേറ്റ ഗുരുതരമായ പരിക്കിനെത്തുടർന്ന് ഷെഫിക്ക് കഴിഞ്ഞ 11 വർഷമായി ബുദ്ധിവികാസമില്ലാതെ സംസാരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലാണ്. സർക്കാർ നിയോഗിച്ച രാഗിണി എന്ന ആയയുടെ സംരക്ഷണയിലാണ് അൽ അസർ മെഡിക്കൽ കോളജിൽ പ്രത്യേകം ക്രമീകരിച്ച മുറിയിൽ ഷെഫീക്ക് കഴിയുന്നത്.
കേസിന്റെ നീതിപൂർവമായ തീർപ്പിനായി ഷെഫീക്കിനെ നേരിട്ട് സന്ദർശിച്ച് തെളിവെടുക്കണമന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി ഫയൽ ചെയ്തു. ഷെഫീക്കിന്റെ അയൽവാസികൾ, ചികിത്സിച്ച ഡോക്ടർമാരായ കുമളി ഗവ.ആശുപത്രിയിലെ ഡോ. സുജിത് കുമാർ, പെരിയാർ ആശുപത്രിയിലെ ഡോ. സഞ്ജയ് കുമാർ, കട്ടപ്പന സെന്റ് ജോണ്സ് ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. നിഷാന്ത് പോൾ, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഡോ. ജോർജ് തര്യൻ എന്നിവരടക്കമുള്ള സാക്ഷികളെ വിസ്തരിച്ചിരുന്നു.
ആശുപത്രികളിൽനിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകളടകം കോടതിയിൽ തെളിവുകളായി ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷ്, പ്രതികൾക്കായി സാബു ജേക്കബ്, മനേഷ് പി. കുമാർ, ഡെൽവിൻ പൂവത്തിങ്കൻ, സാന്ത്വന എന്നിവരാണ് ഹാജരാക്കുന്നത്.