എഴുകുംവയല്‍ പള്ളത്തുപാറപ്പടി റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം
1444078
Sunday, August 11, 2024 9:44 PM IST
നെടുങ്കണ്ടം: കേരള എൻജിനിയറിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അരുണ്‍ അലോഷ്യസിന്റെ പേരില്‍ അനുവദിച്ച എഴുകുംവയല്‍-പള്ളത്തുപാറപ്പടി റോഡിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
2022 ല്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 1.10 കോടി രൂപയാണ് റോഡ് നിര്‍മാണത്തിനായി അനുവദിച്ചത്. കലുങ്ക്, കല്‍ക്കെട്ട് എന്നിവ പൂര്‍ത്തീകരിച്ചെങ്കിലും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. രണ്ടു വര്‍ഷം പിന്നിട്ടിട്ടും എങ്ങും എത്തിയിട്ടില്ല. ഉണ്ടായിരുന്ന ടാറിംഗ് കൂടി കുത്തിപ്പൊളിച്ചതിനാല്‍ കാല്‍നടയാത്ര പോലും അസാധ്യമായ സാഹചര്യമാണ്. വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ സാധിക്കാത്ത അവസ്ഥയാണ്.
പണി പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ പ്രതിഷേധിച്ച പ്രദേശവാസികളെ സാമൂഹ്യ ദ്രോഹികളും കള്ളന്മാരും മര്യാദകെട്ടവരുമായി ഭരണകക്ഷിയില്‍പ്പെട്ടവര്‍ ചിത്രീകരിക്കുന്നത് അപലപനീയമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങള്‍ ആരെയും അവഹേളിച്ചിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
പൊളിച്ചിട്ട റോഡില്‍ യാത്ര തടസപ്പെടുത്തുന്ന രീതിയില്‍ കരാറുകാരന് വലിയ കല്ലുകള്‍ അടങ്ങിയ മണ്ണ് വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും നിക്ഷേപിക്കുന്നത് പല തവണ ആവര്‍ത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. ഇത് വലിയ തെറ്റായി ഭരണകക്ഷിയില്‍ പെട്ടവര്‍ പ്രചരിപ്പിക്കുകയാണ്.
റോഡിന്റെ 860 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ 27 വീടുകളാണുള്ളത്. ഇതില്‍ 21 പേര് പ്രായമായവരും സ്ഥിരമായി ആശുപത്രിയില്‍ പോകേണ്ടവരും ആംബുലന്‍സ് സൗകര്യം ആവശ്യമുള്ളവരുമാണ്. 40ൽ അധികം കുട്ടികളും കഴിഞ്ഞ രണ്ടര വര്‍ഷമായി ദുരിതം അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയത്.
പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിനും ആക്ഷേപങ്ങള്‍ ചൊരിയുന്നതിനും പകരം റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് വേണ്ടത്. റോഡ് പൂര്‍ത്തീകരിക്കേണ്ടത് തങ്ങളുടെ ആവശ്യമായതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണമായും സഹകരിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ജോയിച്ചന്‍ നെല്ലിക്കല്‍, ജോണ്സണ് പളളിയാടിയില്, ജിന്‍സ് കണ്ണന്പ്ലാക്കല്, ഷാജി ആന്റണി, ബിന്‍സി, തുടങ്ങിയവര്‍ പറഞ്ഞു.