മുല്ലപ്പെരിയാർ: ശാസ്ത്രീയ പരിഹാരം ഉണ്ടാക്കണം: മാർ ജോസ് പുളിക്കൽ
1444076
Sunday, August 11, 2024 9:44 PM IST
കട്ടപ്പന: മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര-കേരള -തമിഴ്നാട് സർക്കാരുകളും ചേർന്ന് ശാസ്ത്രീയ പരിഹാര മുണ്ടാക്കണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. കട്ടപ്പനയിൽ ഇൻഫാം യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു രൂപതാധ്യക്ഷൻ.
ശാസ്ത്ര വളർച്ച പ്രയോജനപ്പെടുത്തി കേരളത്തിനു ഭീഷണിയും ആശങ്കയുമായി മാറിയിരിക്കുന്ന വിഷയം പരിഹരിക്കണം. കേരളത്തിനു സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്ന നിലപാട് സംരക്ഷിക്കപ്പെടണം. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാം കേരളത്തിലെ ജനങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള ആശങ്ക കാണാതിരിക്കാനാകില്ല. വിഷയം അതീവ ഗൗരവത്തോടെ രാഷ്ട്രീയ നേതൃത്വം പരിഗണിക്കണമെന്നും മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു.
യുവജനങ്ങൾ മുന്നിട്ടിറങ്ങണം: എസ്എംവൈഎം
നെടുങ്കണ്ടം: മുല്ലപ്പെരിയാർ പോലെയുള്ള സാമൂഹിക വിഷയങ്ങളിൽ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് എസ്എംവൈഎം കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് അലൻ എസ്. വെള്ളൂർ. ചേമ്പളം സെന്റ്് മേരിസ് പാരീഷ് ഹാളിൽ ചേർന്ന മുണ്ടിയെരുമ ഫെറോന എസ്എംവൈഎം സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അലൻ.
കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുകളുമായി സഭയുടെയും സമൂഹത്തിന്റെയും പ്രശ്നങ്ങളിൽ ഇടപെടുന്ന വ്യക്തികളായി യുവജനങ്ങൾ മാറണമെന്ന് ഫെറോന ഡയറക്ടർ ഫാ. ലിറ്റോ തെക്കേക്കുറ്റ് ആഹ്വാനം ചെയ്തു. ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്നായി എഴുപതോളം യുവജനങ്ങൾ സെനറ്റിൽ പങ്കെടുത്തു. ഫൊറോന പ്രസിഡന്റ് ഷോൺ ഷാജി കണ്ണാക്കുഴിയിൽ അധ്യക്ഷതവഹിച്ചു. ചേമ്പളം സെന്റ് മേരീസ് ഇടവക വികാരി ഫാ. ജയിംസ് വെൺമാന്തറ മുഖ്യപ്രഭാഷണം നടത്തി .
ആനിമേറ്റർ സിസ്റ്റർ ലിസ്റ്റിന, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞകാല പ്രവർത്തനങ്ങളെ വിലയിരുത്തുകയും വരുന്ന ആറുമാസത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്ത സെനറ്റിൽ ഇടവക, ഫൊറോനാ തലങ്ങളിലെ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും വിവിധ സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
സുരക്ഷ ഉറപ്പു വരുത്തണം: ഫ്രാൻസിസ് ജോർജ്
ചെറുതോണി: 130 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്തും സംസ്ഥാനത്തെ 131 വില്ലേജുകളിലെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളുടെ പ്രഖ്യാപനം പിൻവലിച്ചും ലക്ഷകണക്കിന് ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി കേന്ദ്ര-സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു. കേരള കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ചെറുതോണിയിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർണാടക സംസ്ഥാനത്തെ കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നതും വെള്ളം പുറത്തേക്ക് ശക്തമായി ഒഴുകിയതും ഡാം തകരുന്നത് ഒഴിവാക്കാൻ 35 ഗേറ്റുകളും തുറന്നതും നമ്മുടെ കൺമുന്നിലെന്നപോലെ കണ്ടുകഴിഞ്ഞതാണ്. മുല്ലപ്പെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച ഭാരതത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടിന്റെ അവസ്ഥ കേന്ദ്ര സർക്കാരും കേരള, തമിഴ്നാട് സർക്കാരുകളും മനസിലാക്കി മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ ഇടപെടലുകൾ നടത്തണം.
സംസ്ഥാനത്തിന്റെയും കർഷകരുടെയും തൊഴിലാളികളുടെയും ആവശ്യങ്ങൾക്കുവേണ്ടി ഇതര കേരള എംപിമാരോട് ചേർന്ന് പാർലമെന്റിൽ പ്രവർത്തിക്കുമെന്നും എംപി പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്, സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ അഡ്വ . തോമസ് പെരുമന, നോബിൾ ജോസഫ്, വർഗീസ് വെട്ടിയാങ്കൽ, സംസ്ഥാന സെക്രട്ടറി എം. മോനിച്ചൻ, കെഎസ്സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, സിനു വാലുമ്മേൽ, ഫിലിപ്പ് മലയാറ്റ്, സാജു പട്ടരുമഠം തുടങ്ങിയവർ പ്രസംഗിച്ചു.