അയ്യപ്പൻകോവിൽ എഫ്എച്ച്സി നിർമാണം ഉടൻ
1443835
Sunday, August 11, 2024 3:26 AM IST
ഉപ്പുതറ: അയ്യപ്പൻകോവിൽ (ആലടി ) ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിട നിർമാണം ഉടൻ ആരംഭിക്കുമെന്ന് ആശുപത്രി വികസന സമിതി അറിയിച്ചു. കെട്ടിട സമുച്ചയത്തിന്റെ ഡിസൈൻ ആരോഗ്യ വകുപ്പും പഞ്ചായത്ത് ഭരണസമിതിയും ആശുപത്രി വികസന സമിതിയും അംഗീകരിച്ചു.
ഉദ്യോഗസ്ഥ തലത്തിലെ മെല്ലപ്പോക്കു കാരണം ആശുപത്രിയുടെ കെട്ടിട നിർമാണം വൈകുന്നത് വ്യാഴാഴ്ച ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് അന്നുതന്നെ അടിയന്തരമായി ആശുപത്രി വികസന സമിതി വിളിച്ചുചേർത്ത് ചെറിയ ഭേദഗതികളോടെ ഇരുനില കെട്ടിടസമുച്ചയത്തിന്റെ ഡിസൈൻ അംഗീകരിച്ചത്. വാഹന പാർക്കിംഗ് മുൻ വശത്തേക്ക് മാറ്റുന്നതാണ് പ്രധാന ഭേദഗതി. ഇവിടെ സംരക്ഷണഭിത്തി നിർമിക്കുന്നതിന് എംഎൽഎ ഫണ്ട് ലഭ്യമാക്കാൻ പഞ്ചായത്തു കമ്മിറ്റിയെ ചുമതലപ്പെടുത്തി.
പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന ആശുപതിയെ 2018- 19 ലാണ് കുടുംബാരോഗ്യ കേന്ദ്രമായി ( എഫ്എച്ച്സി) ഉയർത്തിയത്. എന്നാൽ ക്വാർട്ടേഴ്സ് അടക്കമുള്ള സൗകര്യം ഉണ്ടായിരുന്നില്ല. പഞ്ചായത്ത് ഭരണ സമിതിയുടെ ആവശ്യ പ്രകാരം 2022 - 23ൽ പുതിയ കെട്ടിടം പണിയാൻ ആർദ്രം പദ്ധതിയിൽ വാഴൂർ സോമൻ എം എൽ എ അഞ്ചു കോടി രൂപ അനുവദിപ്പിച്ചു.
എന്നാൽ, 1972 ൽ ആലടി പീപ്പിൾസ് ക്ലബ് നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങി നൽകിയ 1.10 ഏക്കർ സ്ഥലത്തിെന്റെ ഉടമസ്ഥാവകാശം ആരോഗ്യവകുപ്പിന് ഇല്ലാതിരുന്നത് വിനയായി.
തുടർന്ന് പഞ്ചായത്തു കമ്മിറ്റി ജില്ലാ കളക്ടറെ ബന്ധപ്പെട്ട് ഉടമസ്ഥാവകാശം ലഭ്യമാക്കി. പൊതു മരാമത്തു ഇൻവെസ്റ്റിഗേഷൻ വിഭാഗം ഭൂമിയും പൊതുമരാമത്ത് വകുപ്പ് മണ്ണു പരിശോധനയും നടത്തി. എന്നാൽ,കെട്ടിടത്തിന്റെ ഡിസൈനിംഗ് നടത്തുന്നതടക്കം ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായി. പഞ്ചായത്തിന്റെ നിരന്തര സമ്മർദത്തെത്തുടർന്ന് രണ്ടാഴ്ച മുൻപ് ഡിസൈൻ ആരോഗ്യവകുപ്പിന് നൽകിയെങ്കിലും ഇത് പഞ്ചായത്ത് അധികൃതരിൽനിന്നു മറച്ചുവച്ചു.
കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പഞ്ചായത്ത് അറിഞ്ഞത്. ഇക്കാര്യം ദീപിക റിപ്പോർട്ട് ചെയ്തു തുടർന്നാണ് ആശുപത്രി വികസന സമിതി വിളിച്ചു ചേർത്തതും തീരുമാനം ഉണ്ടായതും.