കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ഇരുട്ടിൽ
1443824
Sunday, August 11, 2024 3:26 AM IST
കട്ടപ്പന: കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് അന്ധകാരത്തിൽ. ഇത് സാമൂഹ്യവിരുദ്ധർക്ക് ഗുണമാകുകയാണ്. ദീർഘദൂര യാത്രകൾക്കായി നിരവധി ആളുകളാണ് രാത്രി സമയങ്ങളിൽ സ്റ്റാൻഡിലെത്തുന്നത്. രാത്രിയിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ പല ലൈറ്റുകളും പ്രകാശിക്കാറില്ല. സ്റ്റാൻഡിലേക്കുള്ള പാതകളിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകളും പൂർണമായി മിഴിയടച്ചിരിക്കുകയാണ്. പാതകളിലും ബസ് സ്റ്റാൻഡിന്റെ വിവിധയിടങ്ങളിലുമായാണ് വഴിവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്.
സ്റ്റാൻഡിന്റെ പ്രധാന കവാടങ്ങളിൽ ഒന്നായ ഇടശേരി ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റും നാളുകളായി പ്രകാശിക്കുന്നില്ല. ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ നഗരസഭ കൃത്യസമയത്ത് നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.
കഴിഞ്ഞ രാത്രി സ്റ്റാൻഡിൽ എത്തിയ യാത്രക്കാർക്ക് നേരേ സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായി. സ്റ്റാൻഡിൽ ആളൊഴിയുന്നതോടെ രാത്രി സമയങ്ങളിൽ ഇരുട്ടിന്റെ മറവ് പറ്റി ഇത്തരത്തിലെ ആക്രമണങ്ങൾ പതിവാവുകയാണ്. നിലവിൽ വ്യാപരസ്ഥാപനങ്ങളിൽനിന്നുള്ള ലൈറ്റുകൾ മാത്രമാണ് യാത്രക്കാർക്ക് ആകെയുള്ള ആശ്രയം. ഇതര സംസ്ഥാന തൊഴിലാളികൾ രാത്രിയുടെ മറവിൽ ലഹരി വസ്തുക്കളുടെ വില്പനയും ഇവിടെ നടത്തുന്നുണ്ട്.
പലപ്പോഴും ഇതര സംസ്ഥാന തൊഴിലാളികൾ ബസ് സ്റ്റാൻഡ് കൈയടക്കുന്നതോടെ സ്വദേശിയരായ ആളുകൾക്കും ഇവിടെ നിൽക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. വഴിവിളക്കുകളുടെ അഭാവത്തിന് പുറമേ ക്യാമറകൾ പ്രവർത്തനരഹിതമായതും കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ട്. അടിയന്തരമായി രാത്രിയിൽ നിരവധി ആളുകൾ യാത്രയ്ക്കായെത്തുന്ന പുതിയ ബസ് സ്റ്റാൻഡിലെ ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്തി സുരക്ഷ ഉറപ്പാക്കണം എന്ന ആവശ്യം ശക്തമാണ്.