നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ
1443820
Sunday, August 11, 2024 3:15 AM IST
തൊടുപുഴ: നഗരസഭയിൽ ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ രാവിലെ 11ന് നടക്കും. ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലിക്കേസിൽ അകപ്പെട്ടതിനെത്തുടർന്ന് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ യുഡിഎഫിന് ഭരണം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
യുഡിഎഫ് പ്രതിനിധിയായി വിജയിച്ച ശേഷം എൽഡിഎഫിൽ ചേർന്ന 11-ാം വാർഡ് കൗണ്‍സിലർ മാത്യു ജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ 35 അംഗ കൗണ്‍സിലിൽ നിലവിൽ 34 അംഗങ്ങളാണുള്ളത്. നിലവിൽ യുഡിഎഫ് -13 എൽഡിഎഫ് -12 ബിജെപി -എട്ട്, സ്വതന്ത്രൻ -ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. സ്വതന്ത്രനായ സനീഷ് ജോർജിന്റെ നിലപാടും നാളത്തെ തെരഞ്ഞെടുപ്പിൽ നിർണായകമാണ്.
മൂന്നു മുന്നണികളുടെയും ചെയർമാൻ സ്ഥാനാർഥികളെ സംബന്ധിച്ച് ഇതു വരെ വ്യക്തത വന്നിട്ടില്ല. സ്ഥാനാർഥിയെ നിശ്ചയിക്കാൻ ഇന്നലെ യുഡിഎഫ് യോഗം ചേർന്നിരുന്നു. കഴിഞ്ഞ ദിവസവും യുഡിഎഫ് യോഗം ചേർന്നിരുന്നെങ്കിലും ഇക്കാര്യത്തിൽ സമവായത്തിലെത്തിയിരുന്നില്ല.
ചെയർമാൻ പദവിക്കായി യുഡിഎഫിൽ കൂടുതൽ അംഗങ്ങളുള്ള കോണ്‍ഗ്രസും മുസ്ലിം ലീഗും ഒരംഗം മാത്രമുള്ള കേരള കോണ്‍ഗ്രസും അവകാശ വാദം ഉന്നയിച്ചതോടെയാണ് ചർച്ച നീണ്ടു പോകാനിടയാക്കിയത്. ഇക്കാര്യത്തിൽ ഇന്ന് ധാരണയാകുമെന്ന് യുഡിഎഫ് വൃത്തങ്ങൾ അറിയിച്ചു.
എൽഡിഎഫ് സ്ഥാനാർഥി ആരായിരിക്കുമെന്നും ഇതുവരെ തീരുമാനമായിട്ടില്ല. ഇന്നലെ ഇക്കാര്യവുമായി ബന്ധപ്പെട്ട് എൽഡിഎഫ് യോഗവും ചേർന്നിരുന്നു. എട്ടംഗങ്ങളുള്ള ബിജെപി ചെയർമാൻ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിൽ സ്ഥാനാർഥിയെ നിർത്തുമെങ്കിലും രണ്ടാംഘട്ട വോട്ടെടുപ്പിൽനിന്നും വിട്ടുനിൽക്കുകയാണ് പതിവ്.
വൈസ് ചെയർപേഴ്സനെതിരേ അവിശ്വാസ പ്രമേയം 22ന്
തൊടുപുഴ: നഗരസഭ വൈസ് ചെയർപേഴ്സൻ പ്രഫ. ജെസി ആന്റണിക്കെതിരേ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം 22ന് രാവിലെ 11ന് ചേരുന്ന കൗണ്‍സിൽ യോഗത്തിൽ പരിഗണിക്കും. തദ്ദേശവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ ഇതുസംബന്ധിച്ച നോട്ടീസ് കൗണ്‍സിലർമാർക്ക് നൽകി.
ഭരണസമിതിയിൽ യുഡിഎഫിന് കൂടുതൽ അംഗങ്ങൾ ആയതോടെയാണ് കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായ ജെസി ആന്റണിയെ അവിശ്വാസത്തിലൂടെ പുറത്താക്കാനുള്ള നീക്കം ആരംഭിച്ചത്. യുഡിഎഫ് പക്ഷത്തുള്ള 13 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ കെ. ദീപക് നൽകിയത്.
35 അംഗ കൗണ്‍സിലിൽ നിലവിൽ 34 അംഗങ്ങളാണുള്ളത്. അവിശ്വാസം പാസാകണമെങ്കിൽ കുറഞ്ഞത് 18 അംഗങ്ങളുടെ പിന്തുണ വേണം. യുഡിഎഫിന് ഒറ്റയ്ക്ക് ഇതിനുള്ള അംഗബലമില്ല.
എട്ടംഗങ്ങളുള്ള ബിജെപിയുടെ പിന്തുണ ലഭിച്ചാൽ മാത്രമെ അവിശ്വാസം പാസാകൂ. എന്നാൽ യുഡിഎഫ് നൽകിയ അവിശ്വാസത്തെ സംബന്ധിച്ച് അറിവില്ലെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ബിജെപി അംഗവുമായ പി.ജി. രാജശേഖരൻ പറഞ്ഞു.
അതിനാൽ നിലവിലെ സാഹചര്യത്തിൽ അവിശ്വാസത്തെ ബിജെപി പിന്തുണയ്ക്കാനിടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ബിജെപിയുടെ പിന്തുണ ലഭിയ്ക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.