ഗ്യാപ്പ് റോഡിൽ ചെറിയ വാഹനങ്ങൾക്ക് അനുമതി; പാറ പൊട്ടിക്കുന്നതിൽ വൻ പ്രതിഷേധം
1443815
Sunday, August 11, 2024 3:15 AM IST
മൂന്നാർ: കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായ ഗ്യാപ്പ് റോഡിലെ തടസ്സങ്ങൾ നീക്കിയോടെ കാർ, ജീപ്പ് പോലുള്ള ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ അനുമതി നൽകി. വലിയ വാഹനങ്ങൾക്ക് പോകാൻ തടസമുണ്ട്. റോഡിൽ പതിച്ച കൂറ്റൻ പാറകളാണ് വലിയ വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്നത്. റോഡിലെ മണ്ണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യൽ ശ്രമകരമാണ്.
സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് പാറകൾ പൊട്ടിച്ചെടുക്കുന്നത്. കൂറ്റൻപാറകൾ നീക്കംചെയ്യുവാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് സ്ഫോടനം ഉപയോഗിച്ച് പാറകൾ പൊട്ടിച്ചുനീക്കുന്നത്.
അതേ സമയം, സ്ഫോടനം നടത്തി പാറകൾ നീക്കംചെയ്യുന്നതിനെതിരേ പ്രദേശവാസികൾ രംഗത്തെത്തി. ഗ്യാപ്പിന് റോഡിന് അടിവാരത്ത് താമസിക്കുന്ന കുടുംബങ്ങളാണ് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ഫോടനം മൂലം വീടുകൾ കുലുങ്ങുകയും പ്രദേശത്താകെ പ്രകന്പനം ഉണ്ടാകുകയും ചെയ്യുന്നതായി പ്രദേശവാസികൾ പറയുന്നു.
കൊങ്ങിണി സിറ്റി, മുട്ടുകാട്, സൊസൈറ്റി മേട് എന്നിവിടങ്ങളിലെ താമസക്കാരാണ് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പാറകൾ പൊട്ടിക്കുന്നതിനായി നടത്തുന്ന സ്ഫോടനത്തിന്റെ പ്രഹരശക്തിയാൽ അടുത്ത മഴക്കാലത്ത് വലിയ രീതിയിലുള്ള അപകടമുണ്ടാവുകയും തങ്ങളുടെ ജീവൻ അപകടത്തിലാകുമെന്നുമാണ് ഇവർ പറയുന്നത്.