പച്ചക്കറി ഉത്പാദനം: കുതിപ്പേകാൻ വിഎഫ്പിസികെ വിപണികൾ
1443813
Sunday, August 11, 2024 3:15 AM IST
തൊടുപുഴ: പച്ചക്കറി കൃഷി വ്യാപനത്തിനായി കർഷകർക്ക് പ്രോത്സാഹന പദ്ധതികളുമായി വെജിറ്റബിൾ ആന്റ് ഫ്രൂട്സ് പ്രമോഷൻ കൗണ്‍സിൽ. പച്ചക്കറി ഉത്പാദന വർധനവിനു പുറമേ കൃഷിയിൽനിന്നും കർഷകർക്കു മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പദ്ധതികൾ വിഎഫ്പിസികെ നടപ്പാക്കുന്നത്.
പച്ചക്കറി ഉത്പാദനം കൂട്ടുന്നതിനായി 10 ലക്ഷം രൂപയുടെ ജൈവവളങ്ങളും ഡോളമൈറ്റും ജീവാണുവളങ്ങളും കർഷകർക്കായി വിതരണം ചെയ്യും. രണ്ടര ലക്ഷം രുപയുടെ വിവിധ പച്ചക്കറി തൈകളും സൗജന്യമായി വിതരണം ചെയ്യും. മുളക്, വഴുതന, വെണ്ട, തക്കാളി, പീപ്പിൽ, വെള്ളരി, മത്തൻ തുടങ്ങിയ പച്ചക്കറി തൈകളാണ് വിതരണം ചെയ്യുന്നത്.
പച്ചക്കറി ഉത്പാദനം വർധിപ്പിക്കുന്നതിനായി ഒന്നര ലക്ഷം രൂപയുടെ ഹൈബ്രീഡ് പച്ചക്കറിവിത്തുകൾ കർഷകർക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. ഇതിനു പുറമേ ജലസേചനത്തിനായി പടുതാക്കുളം, കണിക ജലസേചന പദ്ധതി എന്നിവയും നടപ്പാക്കി വരുന്നുണ്ട്.
ഓണത്തിന് 1650 ടണ്‍ പച്ചക്കറി
വിഎഫ്പിസികെയുടെ നേതൃത്വത്തിൽ ഓണക്കാലം ലക്ഷ്യമിട്ടുള്ള പച്ചക്കറി കൃഷിയും വിളവെടുപ്പിനു തയാറായി വരികയാണ്. ഓഗസ്റ്റ് മുതൽ ഓണം വരെയുള്ള കാലയളവിൽ 400 ടണ്‍ പച്ചക്കറികളും 500 ടണ്‍ നേന്ത്രക്കുലകളും വിഎഫ്പിസികെയുടെ വിപണികളിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ.
വട്ടവട കാന്തല്ലൂർ എന്നിവിടങ്ങളിലെ സ്വാശ്രയ കർഷക വിപണികൾ വഴി കർഷകർ ഉത്പാദിപ്പിക്കുന്ന 1250 ടണ്‍ ശീതകാല പച്ചക്കറികളായ കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, ബീൻസ് എന്നിവയുടെ വിപണനം നടക്കുമെന്നാണ് പ്രതീക്ഷ.
ഇവിടെനിന്നു വ്യാപാരികൾക്ക് സമിതികളിലൂടെ ആവശ്യാനുസരണം ശീതകാല പച്ചക്കറികൾ സംഭരിക്കാം. മുൻകൂറായി ഓർഡർ നൽകുന്ന മറ്റു ജില്ലകളിലുള്ളവർക്ക് ഓണച്ചന്തകളിൽ വിൽപ്പന നടത്തുന്നതിന് ആവശ്യമായ ശീതകാല പച്ചക്കറികൾ ലഭ്യമാക്കും. വട്ടവട, കാന്തല്ലൂർ മേഖലകളിൽ ഈ വർഷം കാലാവസ്ഥ അനുകൂലമായതിനാൽ മികച്ച പച്ചക്കറി ഉത്പാദനമാണ് കർഷകർ പ്രതീക്ഷിക്കുന്നത്.
ജില്ലയിൽ വിഎഫ്പിസികെയുടെ കീഴിൽ 17 സ്വാശ്രയ കർഷക വിപണികളാണ് പ്രവർത്തിക്കുന്നത്. ഉടുന്പന്നൂർ, ഇരട്ടയാർ, തങ്കമണി, കോടിക്കുളം, മുട്ടം, ആലക്കോട്, വട്ടവട, കാന്തല്ലൂർ, തോപ്രാംകുടി, പഴയരിക്കണ്ടം, മേലേചിന്നാർ, കാഞ്ചിയാർ, രാജക്കാട്, രാജമുടി, അടിമാലി, കനകക്കുന്ന്, പാറത്തോട് എന്നിവിടങ്ങളിലാണ് വിപണികൾ പ്രവർത്തിക്കുന്നത്. ഓണത്തോടനുബന്ധിച്ച് വിഎഫ്പിസികെയുടെ ഓണച്ചന്തകളും വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കും.
കർഷകർക്ക് മെച്ചപ്പെട്ട വില
സ്വാശ്രയ കർഷക വിപണികൾ വഴി കർഷകരുടെ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. ഉടുന്പന്നൂർ കർഷക വിപണിയിൽ വെള്ളിയാഴ്ച കർഷകർ എത്തിച്ചത് 1184 കിലോ നേന്ത്രക്കായയാണ്. കിലോയ്ക്ക് 60-66 രൂപ നിരക്കിലാണ് വിൽപ്പന നടന്നത്. ഞാലിപ്പൂവൻ-60, പാളയങ്കോടൻ-50, റോബസ്റ്റ- 35, തേങ്ങ-33, വള്ളിപ്പയർ -70, പാവക്ക-60, വഴുതന-40, ഇഞ്ചി വെള്ളരി-50, വെള്ളരി -17, പടവലം-30 എന്നിങ്ങനെയാണ് മറ്റ് ഉത്പന്നങ്ങൾക്ക് ലഭിച്ച വില.
ഇരട്ടയാർ വിപണിയിൽ നേന്ത്രക്കായ-56, ഞാലിപ്പൂവൻ-60, പാളയങ്കോടൻ-20, റോബസ്റ്റ-25, മാലിമുളക് -170, ബീൻസ്-40, കാന്താരി-410, കോവക്ക-40 എന്നിങ്ങനെയാണ് ഉത്പന്നങ്ങൾക്ക് ലഭിച്ച വില. വട്ടവട ശീതകാല പച്ചക്കറി ഉത്പ്പന്നങ്ങളായ ബീറ്റ്റൂട്ട് -32,കാബേജ്-20, കാരറ്റ്-55, ഉരുളക്കിഴങ്ങ്- 45 എന്നിങ്ങനെയാണ് കർഷകർക്ക് വില ലഭിച്ചത്.
ഓണത്തോടനുബന്ധിച്ച് പൊതു വിപണിയിൽ പച്ചക്കറി വില ഉയരാനുള്ള സാധ്യതയുള്ളതിനാൽ പ്രാദേശിക വിപണികളിൽനിന്നുള്ള പച്ചക്കറി ഉത്പന്നങ്ങൾക്കും ഇതിന് ആനുപാതികമായി മെച്ചപ്പെട്ട വില ലഭിക്കാനുള്ള സാധ്യതയുണ്ട്.