ജില്ലയിലെ ആദ്യ മിൽക്ക് എടിഎം മൂന്നാറിൽ
1443479
Saturday, August 10, 2024 12:00 AM IST
തൊടുപുഴ: ജില്ലയിൽ ആദ്യത്തെ മിൽക്ക് എടിഎം മൂന്നാറിൽ പ്രവർത്തനമാരംഭിക്കും. ജില്ലാ ക്ഷീര കർഷക സംഗമത്തോടനുബന്ധിച്ചു മന്ത്രി ജെ. ചിഞ്ചുറാണി എടിഎമ്മിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. മൂന്നാർ ലക്ഷ്മി ക്ഷീര കർഷകസംഘത്തിന്റെ നേതൃത്വത്തിലാണ് ഓട്ടോമാറ്റിക് മിൽക്ക് വെൻഡിംഗ് മെഷീൻ പ്രവർത്തനമാരംഭിക്കുന്നത്. 200 ലിറ്റർ സംഭരണശേഷിയുള്ള മെഷീൻ ഡൽഹി ആസ്ഥാനമായുള്ള കന്പനിയാണ് നിർമിച്ചത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന മെഷീൻ മൂന്നാറിന്റെ ഹൃദയഭാഗത്തു സ്ഥാപിക്കും. പാൽ കേടു കൂടാതെയിരിക്കാൻ മെഷീനിൽ കൂളർ സംവിധാനമുണ്ട്.
ഇതിനു പുറമേ പണം ശേഖരിക്കുന്ന കറൻസി ഡിറ്റക്ടർ, കംപ്രസർ, ക്ലീനിംഗ് സംവിധാനം എന്നിവയും ഇതിനുള്ളിലുണ്ട്.
പണം ഉപയോഗിച്ച് ആവശ്യാനുസരണം പാൽ ശേഖരിക്കാവുന്ന സംവിധാനമാണ് നിലവിലുള്ളത്. ഭാവിയിൽ ക്ഷീര സംഘത്തിൽനിന്നു ലഭ്യമാകുന്ന സ്മാർട്ട് കാർഡ് ഉപയോഗിച്ചോ ക്യു ആർ കോഡ് സ്കാൻ ചെയ്തോ പാൽ ശേഖരിക്കാവുന്ന സംവിധാനവും ഒരുക്കും. സംഭരണിയിൽ പാൽ തീരുന്ന മുറയ്ക്ക് ലക്ഷ്മി ക്ഷീര സംഘത്തിൽനിന്നുള്ള പാൽ ഇതിൽ നിറയ്ക്കും.
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കും ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും ഏതു സമയവും ശുദ്ധമായ പശുവിൻ പാൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ക്ഷീര സംഘം ഭാരവാഹികൾ പറഞ്ഞു. കോട്ടയം ജില്ലയിലും മിൽക്ക് എടിഎം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.