ജില്ലാ ക്ഷീരകർഷക സംഗമം 12, 13 തീയതികളിൽ മൂന്നാറിൽ
1443478
Saturday, August 10, 2024 12:00 AM IST
തൊടുപുഴ: ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ ജില്ലാ ക്ഷീരകർഷക സംഗമം 12, 13 തീയതികളിൽ മൂന്നാർ പഞ്ചായത്ത് ഹാളിൽ നടക്കും. മൂന്നാർ ലക്ഷ്മി ക്ഷീരോത്പാദക സഹകരണ സംഘം ആതിഥേയത്വം വഹിക്കുന്ന സംഗമം ക്ഷീരമേഖലയിലെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ചർച്ച ചെയ്യുന്നതിനും പുതിയ സംരംഭകരെ മേഖലയിലേക്ക് ആകർഷിക്കുന്നതിനും ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ചു ക്ഷീരകർഷകർക്ക് അവബോധം നൽകുന്നതിനും ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നതെന്നു സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
12നു രാവിലെ എട്ടിന് ലക്ഷ്മി ക്ഷീരസഹകരണ സംഘം പരിസരത്ത് പതാക ഉയർത്തും. തുടർന്നു നടക്കുന്ന ഡെയറി എക്സ്പോയുടെ ഉദ്ഘാടനം മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ നിർവഹിക്കും. ക്ഷീരസംഘം പ്രതിനിധികൾക്കുള്ള ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് ഉദ്ഘാടനം ചെയ്യും.
10നു ക്ഷീരസംഘം ജീവനക്കാരുടെ പെൻഷൻ പദ്ധതി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ് മാനേജർ എ.വി. മഞ്ജു വിശദീകരിക്കും. 1.30ന് ക്ഷീരസഹകരണ സംഘങ്ങളുടെ ഓഡിറ്റ് ന്യൂനത പരിഹരണം സഹകരണ വകുപ്പ് ഓഡിറ്റർ എസ്.സന്തോഷ് കുമാർ അവതരിപ്പിക്കും. വൈകുന്നേരം മൂന്നിന് ക്ഷീരസംഘം ജീവനക്കാരേയും ഭരണസമിതി അംഗങ്ങളേയും ക്ഷീരകർഷകരേയും കുട്ടികളേയും ഉൾപ്പെടുത്തി കലാകായിക മത്സരങ്ങൾ നടത്തും.
13നു രാവിലെ 9.30ന് ക്ഷീരോത്പാദനമേഖല മാറ്റങ്ങൾ അനിവാര്യം എന്ന വിഷയത്തിൽ കേരള വെറ്ററിനറി സർവകലാശാല അസി.പ്രഫസർ ഡോ. എസ്.ആർ. ശ്യാം സൂരജ് സെമിനാറിൽ ക്ലാസ് നയിക്കും. 10.30 നു സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെട്ട ക്ഷീരലയം പദ്ധതിയുടെയും ലക്ഷ്മി ക്ഷീരസഹകരണ സംഘത്തിന്റെ മിൽക്ക് എടിഎമ്മിന്റെയും ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിക്കും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ പി.ജെ. ജോസഫ്,എം.എം. മണി, വാഴൂർ സോമൻ, എ. രാജ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ. യൂസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, എറണാകുളം മിൽമ മേഖലാ യൂണിയൻ ചെയർമാൻ എം.ടി. ജയൻ, ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും. ക്ഷീരലയം പദ്ധതിക്ക് സ്ഥലം അനുവദിച്ച കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കന്പനിയെ മന്ത്രി ചടങ്ങിൽ ആദരിക്കും.
ക്ഷീരമേഖലയ്ക്ക് കൂടുതൽ തുക വകയിരുത്തിയ ത്രിതല പഞ്ചായത്തുകൾ, ജില്ലയിലെ മികച്ച കർഷകർ, ക്ഷീരസഹകരണ സംഘങ്ങൾ, 25 വർഷം പൂർത്തിയാക്കിയ സംഘം പ്രസിഡന്റുമാർ എന്നിവരെയും ആദരിക്കും. ജില്ലയിലെ ഇരുന്നൂറോളം സംഘങ്ങളിൽനിന്ന് ആയിരത്തി അഞ്ഞൂറോളം ക്ഷീരകർഷകർ സംഗമത്തിൽ പങ്കെടുക്കും.
പത്ര സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ഐ. ഗുരുസ്വാമി, ജനറൽ കണ്‍വീനർ ഡോ. പി.ഇ. ഡോളസ്, ജോയിന്റ് കണ്‍വീനർ ജിസാ ജോസഫ്, അഞ്ജുകുര്യൻ, കമ്മിറ്റി ചെയർമാൻ എം.പി. സുധീഷ് എന്നിവർ പങ്കെടുത്തു.