കട്ടപ്പന നഗരസഭയിലെ മാലിന്യം നീക്കാൻ 77 ലക്ഷം രൂപയുടെ കരാർ
1443475
Friday, August 9, 2024 11:59 PM IST
കട്ടപ്പന: കട്ടപ്പന നഗരസഭ മാലിന്യസംസ്കരണ ശാലയിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് നടപടിയായി. ടൺ കണക്കിന് വരുന്ന മാലിന്യം നീക്കം ചെയ്യുന്നതിനായി 77 ലക്ഷം രൂപയുടെ ടെൻഡർ നഗരസഭ ക്ഷണിച്ചു. ഇതിൽ കരാറുകാർ ഒപ്പുവെച്ചുവെന്നും ഉടനടി മാലിന്യനീക്കത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ.ജെ. ബെന്നി പറഞ്ഞു.
പുളിയന്മലയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണശാലയിൽ വലിയതോതിൽ മാലിന്യം കെട്ടിക്കിടന്നിരുന്നത് വിവാദങ്ങൾക്ക് കാരണമായിരുന്നു. വർഷങ്ങളായിട്ടുള്ള മാലിന്യമാണ് ഇവിടെ കുന്നുകൂടിയിരുന്നത്. കൃത്യസമയത്ത് ഇവ നീക്കംചെയ്യാതിരുന്നതിനാൽ മാലിന്യം കുന്ന് കൂടി സാംക്രമിക രോഗ ഭീഷണി അടക്കം ഉണ്ടായിരുന്നു.