മഴ പെയ്തതോടെ യാത്രക്കാരുടെ നടുവൊടിച്ച് പീച്ചാട്-പ്ലാമല റോഡ്
1443474
Friday, August 9, 2024 11:59 PM IST
അടിമാലി: മഴ പെയ്തതോടെ പള്ളിവാസല്‍ പഞ്ചായത്തിലെ പീച്ചാട് - പ്ലാമല റോഡ് കുണ്ടും കുഴിയുമായി നാട്ടുകാരുടെ നടുവൊടിക്കുന്നു. സ്കൂള്‍ ബസുകളടക്കം ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയാണിത്. മാങ്കുളം, കുരിശുപാറ, പീച്ചാട് മേഖലകളില്‍നിന്ന് അടിമാലിയിലേക്ക് എളുപ്പത്തിലെത്താന്‍ സഹായിക്കുന്ന പാതയുടെ ഭാഗമാണ് പീച്ചാട് - പ്ലാമല റോഡ്.
പീച്ചാട് മുതല്‍ പ്ലാമലസിറ്റി വരെയുള്ള രണ്ട് കിലോമീറ്റര്‍ റോഡാണ് തകര്‍ന്നുകിടക്കുന്നത്. മഴ പെയ്തതോടെ രൂപം കൊണ്ടിട്ടുള്ള കുഴികളില്‍ വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയുണ്ട്. വാഹനങ്ങള്‍ പോകുമ്പോള്‍ ചെളി വെള്ളം കാല്നടയാത്രികരുടെമേല് തെറിക്കുന്നു.
പൊട്ടി പൊളിഞ്ഞ് കിടക്കുന്ന ഭാഗങ്ങളില്‍ ഇരുചക്രവാഹനയാത്രികര്‍ അപകടത്തില്‍പ്പെടുന്നതും പതിവായിരിക്കുകയാണ്. ഈ റോഡ് പൂര്‍ണ്ണതോതില്‍ ടാറിംഗ് നടത്തിയിട്ട് നാളുകളായെന്നആക്ഷേപം പ്രദേശവാസികള്‍ക്കുണ്ട്.