ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ച ആൾ പിടിയിൽ
1443473
Friday, August 9, 2024 11:59 PM IST
മൂന്നാർ: ഓട്ടോ കൂലിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. മൂന്നാർ രാജീവ്ഗാന്ധി നഗർ സ്വദേശി അരുണ്‍ പാണ്ടിയാണ് (32) അറസ്റ്റിലായത്. ഇക്കാനഗർ സ്വദേശിയായ ഓട്ടോ ഡ്രൈവർ രാജയെയാണ് (49) ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ടൗണിൽനിന്ന് രാജയുടെ ഓട്ടോറിക്ഷയിലാണ് പ്രതി വീട്ടിലേക്ക് മടങ്ങിയത്.
വീടിനു സമീപത്ത് ഓട്ടോയിൽനിന്ന് ഇറങ്ങിയ ഇയാളും രാജയും തമ്മിൽ ഓട്ടോ കൂലിയെച്ചൊല്ലി തർക്കമുണ്ടായി. ഇതേത്തുടർന്ന് വീട്ടിലേക്ക് പോയ പ്രതി വാക്കത്തിയുമായി തിരികെയെത്തി രാജയെ വെട്ടുകയായിരുന്നു.
തലയ്ക്കും കൈയ്ക്കും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ രാജയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.