ലൂർദിയൻ ബാസ്കറ്റ് ബോൾ: മുട്ടം ഷന്താൾ ജ്യോതി സ്കൂളിന് കിരീടം
1443472
Friday, August 9, 2024 11:59 PM IST
കോട്ടയം: 19-ാമത് ലൂർദിയൻ ബാസ്കറ്റ് ബോൾ കിരീടം മുട്ടം ഷന്താൾ ജ്യോതി സ്കൂളിന്. ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കോട്ടയം ലൂർദിനെ പരാജയപ്പെടുത്തിയാണ് മുട്ടം ഷന്താൾ ജ്യോതി (49-38) കിരീടം നേടിയത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി മുട്ടം ഷന്താൾ ജ്യോതിയുടെ നിതിൻ മാനുവലിനെയും ഭാവി വാഗ്ദാനമായി കോട്ടയം ലൂർദിന്റെ അശ്വിൻ കെ. ജോബിയെയും തെരഞ്ഞെടുത്തു.
പെൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കോഴിക്കോട് പ്രൊവിഡൻസിനെ പരാജയപ്പെടുത്തി കൊരട്ടി ലിറ്റിൽ ഫ്ലവർ (66-56) ജേതാക്കളായി. മികച്ച കളിക്കാരിയായി കൊരട്ടി ലിറ്റിൽ ഫ്ലവറിന്റെ ലിയാ മരിയയെയും ഭാവി വാഗ്ദാനമായി കോഴിക്കോട് പ്രൊവിഡൻസിന്റെ ദേവാംഗനയെയും തെരഞ്ഞെടുത്തു.
സബ് ജൂണിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ പുതുപ്പള്ളി ഡോൺ ബോസ്കോയെ (36- 22) പരാജയപ്പെടുത്തി കോട്ടയം ലൂർദ് ജേതാക്കളായി. ലൂർദിന്റെ ഏലിയാസ് ഏബ്രഹാം മികച്ച കളിക്കാരനായും ഡോൺ ബോസ്കോയുടെ എബെൻ പീറ്റർ ഭാവി വാഗ്ദാനമായും തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനം കോട്ടയം ഈസ്റ്റ് സിഐ യു. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഡോ. ഫിലിപ്പ് നെൽപുരപറമ്പിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. തോമസ് പാറത്താനം, ടൂർണമെന്റ് കൺവീനർ കെ. ജോസ് തോമസ് എന്നിവർ പ്രസംഗിച്ചു.