ലോക്കാട് ഗ്യാപ്പിലെ പാറകള്‍ നീക്കിത്തുടങ്ങി
1443167
Thursday, August 8, 2024 11:34 PM IST
മൂന്നാര്‍: ദേവികുളം ഗ്യാപ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഒരാഴ്ച മുമ്പുണ്ടായ കനത്ത മഴയെത്തുടര്‍ന്നായിരുന്നു ഗ്യാപ് റോഡില്‍ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടത്. മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിലാണിപ്പോള്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടി തുടങ്ങിയിട്ടുള്ളത്. പാതയോരത്തുനിന്നു കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞെത്തുകയായിരുന്നു. ഇവ റോഡില്‍നിന്നു നീക്കം ചെയ്യേണ്ടതുണ്ട്. കൂറ്റന്‍ പാറകള്‍ നീക്കം ചെയ്യുന്നത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കല്ലും മണ്ണും നീക്കി വൈകാതെ റോഡിലെ യാത്രാതടസം നീക്കാനാകുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ. ഗ്യാപ് റോഡിലൂടെയുള്ള യാത്രയ്ക്ക് നിലവില്‍ നിയന്ത്രണമുണ്ട്.
മഴ പെയ്യുന്നതോടെ പ്രദേശത്ത് രൂപംകൊള്ളുന്ന മണ്ണിടിച്ചില്‍ ഭീഷണിയും യാത്രാനിയന്ത്രണങ്ങളും നിത്യേന ഈ റോഡിനെ ആശ്രയിക്കുന്നവര്‍ക്ക് വലിയ ദുരിതമാണുണ്ടാക്കുന്നത്. മൂന്നാര്‍ മേഖലയില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് ഏറ്റവുമധികം പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. ഗ്യാപ് റോഡില്‍ യാത്രാനിയന്ത്രണം ഉണ്ടാകുന്നതോടെ യാത്രയ്ക്ക് അധിക സമയവും തുകയും പ്രദേശവാസികള്‍ കണ്ടെത്തേണ്ടതായി വരുന്നു.