നാലു ദിവസംകൊണ്ട് ജില്ലയിൽ ഒരു കോടിയുടെ കൃഷി നാശം
1441454
Friday, August 2, 2024 10:47 PM IST
തൊടുപുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ 1.07 കോടിയുടെ കൃഷി നാശം. തീവ്ര മഴ പെയ്ത ജൂലൈ 28 മുതൽ 31 വരെയുള്ള കണക്കാണിത്. 675 കർഷകരുടെ 117.28 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. നെടുങ്കണ്ടം ബ്ലോക്കിലാണ് വ്യാപക നാശമുണ്ടായത്. ഇവിടെ 256 കർഷകരുടെ 100.23 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 70.59 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്.
ദേവികുളം ബ്ലോക്കിൽ 329 കർഷകർ കൃഷി നാശത്തിനിരയായി. 9.17 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 16.92 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായാണ് കണക്ക്.
അടിമാലി ബ്ലോക്കിൽ 46 കർഷകർക്ക് 10.19 ലക്ഷത്തിന്റെയും ഇളംദേശം ബ്ലോക്കിൽ 11 കർഷകർക്ക് 1.76 ലക്ഷത്തിന്റെയും ഇടുക്കി ബ്ലോക്കിൽ 13 കർഷകർക്കായി 5.76 ലക്ഷവും തൊടുപുഴയിൽ 19 കർഷകർക്ക് 1.85 ലക്ഷവും നഷ്ടമുണ്ടായി. കട്ടപ്പനയിൽ ഒരു കർഷകനു മാത്രമാണ് നഷ്ടമുണ്ടായത്.
വാഴക്കർഷകർക്കാണ് കനത്ത നാശം നേരിട്ടത്. 205 കർഷകരുടെ കുലച്ച 2,555 വാഴകളും 10 കർഷകരുടെ 159 കുലയ്ക്കാത്ത വാഴകളും നശിച്ചു. ടാപ്പു ചെയ്യുന്ന 147 റബർ മരങ്ങൾ കടപുഴകിയും ഒടിഞ്ഞു വീണും നശിച്ചു. 35 കർഷകർക്കാണ് നഷ്ടം നേരിട്ടത്. 42 കർഷകരുടെ 1050 കുരുമുളകു ചെടികളും 281 കർഷകരുടെ 106 ഹെക്ടർ സ്ഥലത്തെ ഏലച്ചെടികളും 40 കർഷകരുടെ 95 കൊക്കോയും പ്രകൃതിക്ഷോഭത്തിൽ നഷ്ടപ്പെട്ടു. 29 പേരുടെ കായ്ഫലമുള്ള 86 ജാതി, ആറു കർഷകരുടെ 14 കായ്ക്കാത്ത ജാതി, 10 കർഷകരുടെ 25 തെങ്ങ്, എട്ട് കമുക് എന്നിവയും കെടുതികളിൽ നഷ്ടപ്പെട്ടതിൽ ഉൾപ്പെടുന്നു.
കൃഷിവകുപ്പിന്റെ പ്രാഥമിക വിവരശേഖരണത്തിൽനിന്നുള്ള കണക്കാണിത്. കൃഷി നാശം നേരിട്ട പല കർഷകരും നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ നൽകിത്തുടങ്ങിയിട്ടേയുള്ളൂ. അതിനാൽ നഷ്ടത്തിന്റെ വ്യാപ്തി ഇതിലും ഏറെയായിരിക്കുമെന്നാണ് വിലയിരുത്തൽ.
അഞ്ചു ദിവസത്തിനിടെ
258.36 മില്ലിമീറ്റർ മഴ
തൊടുപുഴ: ജില്ലയിൽ ഒറ്റപ്പെട്ട മഴ തുടരുന്നു. കഴിഞ്ഞ അഞ്ചുദിവസത്തെ കണക്ക് പ്രകാരം 258.36 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. പ്രതിദിനം ശരാശരി 51.67 മില്ലിമീറ്റർ മഴ ലഭിച്ചു. ദേവികുളം താലൂക്കിലായിരുന്നു കൂടുതൽ മഴ പെയ്തത്. 337.4 മില്ലിമീറ്റർ. പ്രതിദിന ശരാശരി 67.4 മില്ലിമീറ്റർ. കുറവ് ഉടുന്പൻചോലയിലാണ്. -120.7 മില്ലിമീറ്റർ, പ്രതിദിനം 24.24 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
പീരുമേട് താലൂക്കിൽ 322.1, ഇടുക്കിയിൽ 284.2, തൊടുപുഴയിൽ 227.4 മില്ലിമീറ്ററും മഴ ലഭിച്ചു. അഞ്ചു ദിവസങ്ങളിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അതിതീവ്ര മഴ ലഭിച്ചത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസം മഴ കുറഞ്ഞു. ബുധനും വ്യാഴവും യഥാക്രമം 18.32, 21.68 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇന്നലെ ജില്ലയിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
നാല് ദുരിതാശ്വാസ ക്യാന്പുകൾ
ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്. മൂന്നാർ മൗണ്ട് കാർമൽ പള്ളി ഹാൾ, ജിഎച്ച്എസ് ചിത്തിരപുരം, ജിഎച്ച്എസ്എസ് ഖജനപ്പാറ, പാറത്തോട് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാന്പുകൾ. ഇവിടെ 36 കുടുംബങ്ങളിലെ 112 പേരാണ് കഴിയുന്നത്. 36 പുരുഷ·ാരും 54 സ്ത്രീകളും 22 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു.
ജലനിരപ്പുയരുന്നു
മഴയ്ക്ക് ശമനമുണ്ടെങ്കിലും ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. മുല്ലപ്പെരിയാർ ജലനിരപ്പ് ഇന്നലെ രാവിലെ ആറിന് 131.60 അടിയിലെത്തി. വ്യാഴാഴ്ച ഇത് 131.20 അടിയായിരുന്നു. ഇടുക്കി അണക്കെട്ടിൽ 2366.24 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 60.35 ശതമാനമാണിത്.
കഴിഞ്ഞ ദിവസം 2365.22 അടിയായിരുന്നു ജലനിരപ്പ്. നാലുദിവസത്തിനിടെ 5.68 അടിയാണ് ജലനിരപ്പുയർന്നത്.