കള്ളുഷാപ്പിൽ സംഘർഷം; കുഴഞ്ഞുവീണയാൾ മരിച്ചു
1423722
Monday, May 20, 2024 3:58 AM IST
കരിമണ്ണൂർ: കള്ളുഷാപ്പിലുണ്ടായ സംഘർഷത്തിനിടെ ഒരാൾ കുഴഞ്ഞുവീണു മരിച്ചു. ഉടുന്പന്നൂർ ശേഖരത്ത്പാറ സ്വദേശി കപ്പിലിങ്ങാട്ട് സത്യനാഥൻ (കുട്ടായി-45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഉടുന്പന്നൂർ ഷാപ്പിലായിരുന്നു സംഭവം.
സുഹൃത്തുക്കൾ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ചെറിയ വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കൈയാങ്കളിയിൽ എത്തുകയുമായിരുന്നു. സംഘർഷത്തിനിടെ സത്യനാഥൻ കുഴഞ്ഞു വീഴുകയായിരുന്നെന്ന് കരിമണ്ണൂർ പോലീസ് പറഞ്ഞു.
ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണ കാരണം വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മോളിയാണ് സത്യനാഥന്റെ ഭാര്യ. മക്കൾ: വിഷ്ണു, ജിഷ്ണു, അനുപ്രിയ.