മരംമുറിക്കുള്ള അനുമതി : സർക്കാർ നടപടി ദൗർഭാഗ്യകരം: കേരള കോണ്ഗ്രസ്
1417545
Saturday, April 20, 2024 3:17 AM IST
തൊടുപുഴ: പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി കർഷകർക്കെതിരേ സന്പാദിച്ച വിധി നിർഭാഗ്യകരമാണെന്ന് കേരള കോണ്ഗ്രസ് ജില്ല പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്.
പട്ടയ ഭൂമി പതിച്ചുനൽകിയ സമയത്ത് അതിൽ ഉണ്ടായിരുന്നതും പിന്നീട് വളർന്നതുമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അനുകൂലമായി ഹൈക്കോടതിയിൽനിന്നു കൈവശ കർഷകർക്ക് ഉത്തരവ് ലഭിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്പെഷൽ ലീവ് അപ്പീൽ നൽകി.
ഈ അപ്പീൽ വാദം കേട്ട സുപ്രീം കോടതി 1993ലെ വനഭൂമി പതിച്ചു നൽകൽ നിയമപ്രകാരം ഉൾപ്പെടെ പട്ടയം ലഭിച്ച ഭൂമിയിൽ വളർന്ന മരങ്ങൾ മുറിക്കാൻ കർഷകർക്ക് അധികാരമില്ല എന്ന് വിധിച്ചിരിക്കുകയാണ്.
പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ കർഷകർക്ക് അവകാശമുണ്ടെന്നും ഇതിനു സംസ്ഥാന സർക്കാർ അനുകൂലിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നിരന്തരം സമരം നടത്തിയിരുന്നു. എന്നാൽ മരം മുറിക്കൽ നിരോധിച്ച് സർക്കാർ ഉത്തരവിറക്കി.
എന്നാൽ സമരങ്ങളെത്തുടർന്ന് മരം മുറിക്കാൻ തടസമില്ലെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനു വിരുദ്ധമായി സർക്കാർ കർഷകർക്ക് അനുകൂലമായി ലഭിച്ച ഉത്തരവ് റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിച്ചത് ജനവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.