കെഎസ്ആർടിസി കട്ടപ്പനയിൽനിന്നു കപ്പൽ യാത്ര ഒരുക്കുന്നു
1417544
Saturday, April 20, 2024 3:17 AM IST
കട്ടപ്പന: കെഎസ്ആർടിസി കട്ടപ്പന ഡിപ്പോയിൽനിന്നു അറബിക്കടലിലേക്ക് ആഡംബര കപ്പൽ യാത്രയ്ക്ക് അവസരം ഒരുക്കുന്നു. മേയ് ഏഴിനാണ് യാത്ര സംഘടിപ്പിക്കുന്നത്. ആഡംബര ക്രൂസ് യാത്ര കപ്പലായ നെഫർറ്റിറ്റിയിലാണ് ഉല്ലാസയാത്ര. അഞ്ചുമണിക്കൂറാണ് കടലിൽ ചെലവഴിക്കാൻ അവസരം.
സംഗീതം, നൃത്തം, മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡിജെ, കുട്ടികളുടെ കളിസ്ഥലം, തിയറ്റർ തുടങ്ങിയവയെല്ലാം കപ്പലിൽ ഉണ്ടാകും.48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയും മൂന്നു നിലകളുള്ള യാത്രക്കപ്പലാണ് നെഫർറ്റിറ്റി.
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ നേതൃത്വത്തിലാണ് നെഫർറ്റിറ്റി പ്രവർത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവ നെഫർറ്റിറ്റിയിൽ ഉണ്ടാകും. മുതിർന്നവർക്ക് 3,790 രൂപയും കുട്ടികൾക്ക് 1,480 രൂപയുമാണ് ഈടാക്കുന്നത്. ഫോൺ: 0 4 8 6 8 2 5 2 3 3 3, 944 76 11 856 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.