ജില്ലയിലെ പാതയോരങ്ങളിൽ മാലിന്യം കുമിയുന്നു
1417101
Thursday, April 18, 2024 3:47 AM IST
തൊടുപുഴ: ജില്ലയുടെ പ്രധാന പാതയോരങ്ങളിലെല്ലാം മാലിന്യം തള്ളൽ പതിവാകുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പാതയോരങ്ങളിലാണ് കൂടുതൽ മാലിന്യ നിക്ഷേപവും നടക്കുന്നത്. സഞ്ചാരികൾ ഉപയോഗത്തിനു ശേഷം തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളും കുപ്പികളുമെല്ലാം വഴിവക്കിൽ കിടക്കുകയാണ്.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നേരത്തേ മാലിന്യനീക്കം ഉൗർജിതമായി നടന്നിരുന്നെങ്കിലും ഇപ്പോൾ പല മേഖലകളിലും മാലിന്യം സമയാ സമയങ്ങളിൽ നീക്കം ചെയ്യാൻ അധികൃതർ കാര്യമായ ഇടപെടൽ നടത്തുന്നില്ല. അന്യ ജില്ലകളിൽനിന്നും ഇവിടേയ്ക്ക് ഹോട്ടൽ മാലിന്യവും മറ്റും എത്തിക്കുന്ന സംഘങ്ങളും സജീവമാണ്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വനമേഖലയിൽ വൻതോതിൽ മാലിന്യം തള്ളുന്നുണ്ട്. മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികൾ പാതയോരത്ത് ഭക്ഷണം കഴിച്ചശേഷം അവശിഷ്ടങ്ങൾ നേര്യമംഗലം വനത്തിൽ തള്ളുന്നതാണ് മാലിന്യപ്രശ്നം രൂക്ഷമാകാൻ കാരണമാകുന്നത്.
ഇതോടൊപ്പം സമീപ ജില്ലകളിൽ നിന്ന് രാത്രികാലങ്ങളിൽ ശുചിമുറി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയും തള്ളുന്നുണ്ട്. ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾക്കു സമീപവും ചെങ്കുളം ഹൈഡൽ ടൂറിസം ബോട്ടിംഗ് കേന്ദ്രത്തിന് സമീപവും മാലിന്യം നിക്ഷേപിക്കുന്നുണ്ട്.
അവധി ആഘോഷിക്കാനായി സഞ്ചാരികൾ കുടുബ സമേതം എത്തുന്ന മൂന്നാറിൽ മാലിന്യ പ്രശ്നം അതിരൂക്ഷമാണ്. വീടുകളിൽനിന്നും ഹോട്ടലുകളിൽനിന്നും പൊതിഞ്ഞു കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങൾ സഞ്ചാരികൾ പ്രധാന പാതയോരങ്ങളിലിരുന്നാണ് കഴിക്കുന്നത്.
ഭക്ഷണശേഷം ആഹാരാവശിഷ്ടങ്ങളും വെള്ളക്കുപ്പികളും പാതയോരങ്ങളിൽ ഉപേക്ഷിക്കുന്നത് പതിവാണ്.
പഴയ മൂന്നാർ ബൈപാസ്, രാജമല, മാട്ടുപ്പെട്ടി റോഡുകൾ എന്നിവിടങ്ങളിലാണ് സഞ്ചാരികൾ ഏറ്റവുമധികം മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. മുതിരപ്പുഴയിലും മാലിന്യങ്ങൾ തള്ളുന്നുണ്ട്.
തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിൽ കുളമാവ് മുതൽ പൈനാവ് വരെയുള്ള വനമേഖലയിൽ മാലിന്യം തള്ളൽ നിർബാധം തുടരുകയാണ്.
ഹോട്ടൽ മാലിന്യങ്ങളും ജൈവാവശിഷ്ടങ്ങളും അറവുശാല മാലിന്യങ്ങളും മത്സ്യാവശിഷ്ടങ്ങളുമെല്ലാം ഇക്കൂട്ടത്തിൽ ഉണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളുമെല്ലാം വനമേഖലയിൽ ചിതറിക്കിടക്കുന്നത് പതിവു കാഴ്ചയാണ്. വാഗമണ് വിനോദ സഞ്ചാര കേന്ദ്രത്തിലും മാലിന്യ നിക്ഷേപമുണ്ട്.
ഇപ്പോൾ ഈ ചെക്ക്പോസ്റ്റുകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇപ്പോൾ വാഗമണ്ണിലേക്കുള്ള റോഡുകളുടെ വശങ്ങളിലെല്ലാം സഞ്ചാരികൾ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും വെള്ളക്കുപ്പികളും മദ്യക്കുപ്പികളും ചിതറിക്കിടക്കുകയാണ്.
ആലപ്പുഴ -മധുര സംസ്ഥാന പാതയുടെ ഭാഗമായ ചേലച്ചുവട്-വണ്ണപ്പുറം റോഡിലും മാലിന്യം തള്ളുന്നത് പതിവാണ്. വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടൻമുടി, കന്പകക്കാനം, കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം മുതൽ തട്ടേക്കല്ല് വരെയുള്ള ഭാഗത്താണ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ പതിവായി മാലിന്യം തള്ളുന്നത്. ശുചിമുറി മാലിന്യങ്ങൾ അടക്കമുള്ളവയാണ് ചാക്കിൽ നിറച്ച് റോഡ് വക്കിൽ തള്ളുന്നത്.
തൊടുപുഴ-പാലാ റൂട്ടിലെ ജില്ലാതിർത്തിയായ നെല്ലാപ്പാറയിലും മാലിന്യനിക്ഷേപമുണ്ട്. ഈ ഭാഗത്ത് വാഹനങ്ങൾ നിർത്തി ആളുകൾ ആഹാരം കഴിക്കുന്നത് പതിവാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ചരക്കുലോറികളും തടിലോറികളും ഉൾപ്പെടെ രാത്രി ഇവിടെ തങ്ങാറുണ്ട്.