തൂക്കുപാലം വിജയമാതാ സ്കൂൾ രജതജൂബിലി നിറവിൽ
1378141
Wednesday, December 13, 2023 9:50 PM IST
നെടുങ്കണ്ടം: തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂൾ രജതജൂബിലി ആഘോഷങ്ങൾ ഇന്നു നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബീന പത്രസമ്മേളനത്തിൽ അറിയിച്ചു.
1999ൽ തൂക്കുപാലത്ത് ആരാധനാ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിലാണ് സ്കൂൾ ആരംഭിച്ചത്. ജില്ലയിൽ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസരംഗത്ത് മികച്ച സ്ഥാപനമായി സ്കൂൾ വളർന്നു. 1500 കുട്ടികൾ അധ്യയനം നടത്തുന്ന ഇവിടെ 100 അധ്യാപകർ സേവനമനുഷ്ഠിക്കുന്നു. പാഠ്യ-പാഠ്യേതര മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന സ്കൂൾ കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പാക്കിയിട്ടുള്ള ഏക സ്വകാര്യ സ്ഥാപനമാണ്. ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ അലൈഡ് സ്ഥാപനമായ സ്കൂളിൽ ഇവരുടെ മേൽനോട്ടത്തിൽ റോബോട്ടിക് ലാബും കന്പ്യൂട്ടർ ലാബും പ്രവർത്തിച്ചുവരുന്നു.
ഇന്നു വൈകുന്നേരം 5.30 ന് സ്കൂൾ മാനേജർ സിസ്റ്റർ ലിറ്റി ഉപ്പുമാക്കലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്യും. സീറോ മലബാർ സഭ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. രജത ജൂബിലി സ്മരണിക എം.എം.മണി എംഎൽഎ പ്രകാശനം ചെയ്യും. എഴുത്തുകാരൻ ഡൊമിനിക് ജെ.കാട്ടൂർ, ഹിറ്റ്സ് ചെന്നൈ മാനേജർ കൽപന ശ്രീനിവാസ്, പിടിഎ പ്രസിഡന്റ് പി.റിനേഷ് തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കും.
പത്രസമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് പി. റിനേഷ്, പോൾ ഡാനിയേൽ, മനോജ് മാത്യു എന്നിവരും പങ്കെടുത്തു.