ചെറുതോണി പാലം; അപ്രോച്ച് റോഡ് നിർമാണത്തിന് ടെൻഡർ പൂർത്തിയായി: ഡീൻ കുര്യാക്കോസ് എംപി
1340240
Wednesday, October 4, 2023 11:19 PM IST
ചെറുതോണി: ദേശീയപാത 185ൽ ചെറുതോണിയിൽ നിർമിച്ച പുതിയ പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡുകളുടെ നിർമാണത്തിനായി ജനറൽ സിവിൽ വർക്ക് വിഭാഗത്തിൽപ്പെടുത്തി 1 കോടി 55 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.
കുറഞ്ഞ തുക ടെൻഡറിൽ കാണിച്ച ചീരൻസ് സ്ട്രക്ചറൽസിനാണ് നിർമാണാനുമതി ലഭിച്ചിട്ടുള്ളത്. 14 ദിവസത്തിനകം കരാറൊപ്പുവച്ച് നിർമാണ പ്രവൃത്തികൾ ആരംഭിക്കണമെന്നാണ് നിർദേച്ചിട്ടുള്ളത്.
ആധുനിക നിലവാരത്തിലുള്ള ഗതാഗത സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ഡിപിആർ തയാറാക്കിയിരിക്കുന്നത്. പാലത്തിന്റെ നിർമാണഘട്ടത്തിൽ അന്നത്തെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ രണ്ടു റോഡുകളും മൂന്നു മീറ്റർ വീതിയിൽ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത വിഭാഗം ഇപ്പോൾ നടപടി സ്വീകരിച്ചതെന്നും എംപി പറഞ്ഞു.