അങ്കണവാടികളില്‍ വിതരണം ചെയ്ത പോഷകാഹാരത്തിൽ പുഴു
1340233
Wednesday, October 4, 2023 11:07 PM IST
ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ അങ്കണവാടികളിൽ സപ്ലൈകോ വിതരണം ചെയ്ത റവയും ശര്‍ക്കരയും ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ വണ്ടും പുഴുവും നിറഞ്ഞതാണെന്ന് ഐഎന്‍ടിയുസി വാത്തിക്കുടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. പഞ്ചായത്തിലെ ചില അങ്കണവാടികളിലെ ഭക്ഷ്യധാന്യങ്ങളില്‍ ഇഴജന്തുക്കൾ ഉൾപ്പെടെയുള്ളവയെ കണ്ടതിനെത്തുടര്‍ന്ന് പരാതി ഉയർന്നപ്പോൾ സപ്ലൈകോ അധികൃതര്‍ അങ്കണവാടികളില്‍നിന്നു റവയും ശര്‍ക്കരയും തിരിച്ചെടുത്തിരുന്നു.
സപ്ലൈകോ സ്റ്റോറുകളില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത് നാമമാത്ര ഉത്പന്നങ്ങള്‍ മാത്രമാണ്. ബാക്കിയുള്ള ഉത്പന്നത്തിന്റെ ഗുണനിലവാരം നോക്കാതെ കൊള്ളലാഭം മാത്രം പ്രതീക്ഷിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു വാങ്ങി വിതരണം ചെയ്യുകയാണെന്ന് മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു.
അങ്കണവാടികളില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സാമൂഹ്യനീതിവകുപ്പും ആരോഗ്യവകുപ്പും പഞ്ചായത്തും തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
മുരിക്കാശേരി ഐഎന്‍ടിയുസി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ബുഷ്മോന്‍ കണ്ണംചിറ അധ്യക്ഷത വഹിച്ചു. തങ്കച്ചന് കാരയ്ക്കാവയലില്‍, രാജന് വര്‍ഗീസ്, ടോമി തെങ്ങുംപിള്ളി, തോമസ് അരയത്തിനാല്‍, ആലീസ് ഗോപുരത്തില്‍, അനസ് ഇബ്രാഹിം, ആസാദ്, ജിജോ സ്കറിയ, തുളസീധരന്‍ വേണാട്ട് എന്നിവര്‍ പ്രസംഗിച്ചു.