അറക്കുളത്ത് ഉത്തരവാദിത്വ ടൂറിസം പദ്ധതി ഒരുങ്ങുന്നു
1338816
Wednesday, September 27, 2023 11:31 PM IST
അറക്കുളം: പഞ്ചായത്തിൽ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് രൂപം നൽകുന്നതിനായി ആദ്യ ടൂറിസം ഗ്രാമസഭ നടത്തി.
ഗ്രാമീണ ജീവിതവുമായി ടൂറിസത്തെ ബന്ധിപ്പിക്കുന്ന വില്ലേജ് ലൈഫ് എക്സ്പീരിയൻഷ്യൻ ടൂറിസത്തിന്റെ ഭാഗമായി ഹോംസ്റ്റേ ഉൾപ്പടെയുള്ള ടൂറിസം സംരംഭങ്ങൾ തുടങ്ങാനും ടൂറിസം രംഗത്ത് പ്രവർത്തിക്കാൻ താത്പര്യമുള്ളവരെയും കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു ആദ്യ ടൂറിസം ഗ്രാമസഭ ചേർന്നത്.
ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പിലാക്കുന്ന സ്ട്രീറ്റ് പദ്ധതിയിൽ പഞ്ചായത്തിനെ ഉൾപ്പെടുത്തും.ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിക്കുള്ളിലെ ഏറ്റവും ടൂറിസം സാധ്യതയുള്ള പ്രദേശം കണ്ടെത്തി പദ്ധതി തയാറാക്കി ടൂറിസം വകുപ്പിന് സമർപ്പിക്കാൻ തീരുമാനിച്ചു.
പഞ്ചായത്തിന്റെ അതിർത്തിയായ കാഞ്ഞാർ മുതൽ പുള്ളിക്കാനം തേയിലത്തോട്ടങ്ങളും, കപ്പക്കാനം, വലിയമാവ് ആദിവാസി മേഖലകളും ഉൾപ്പെടുന്ന വൈവിധ്യമേറിയ ഭൂപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പഞ്ചായത്തിന്റെ എല്ലാ സവിശേഷതകളും ടൂറിസവുമായി ബന്ധിപ്പിക്കുന്ന വിപുലമായ പദ്ധതിക്കാണ് രൂപംനൽകുന്നത്.
ഇതിനായി സണ്ണി കൂട്ടുങ്കൽ, സന്തോഷ് കുമാർ കല്ലുംകൂട്ടത്തിൽ എന്നിവർ കോ-ഓർഡിനേറ്റർമാരായി ഒൻപതംഗ പഞ്ചായത്തുതല ടൂറിസം കൗണ്‍സിൽ രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എൽ. ജോസഫ്, സെക്രട്ടറി എം.എ. സുബൈർ, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.