ജീവനു ഭീഷണിയായി തൊടുപുഴ-മൂവാറ്റുപുഴ റോഡ്
1335243
Wednesday, September 13, 2023 1:01 AM IST
തൊടുപുഴ: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ തൊടുപുഴ -മൂവാറ്റുപുഴ റോഡിൽ നിരന്തരം ഉണ്ടാകുന്ന അപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം വർധിക്കുന്നു. തിങ്കളാഴ്ച രാത്രി അച്ചൻകവലയ്ക്കു സമീപം പിക്ക് അപ്പ് ബൈക്കിലിടിച്ചു യുവാവ് മരിച്ചതാണ് ഒടുവിലത്തെ സംഭവം.
മടക്കത്താനം തൊട്ടിയിൽ മോഹനന്റെ മകൻ അമിത് (22) ആണ് വീട്ടിലേക്കു മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടു മരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ ഉണ്ടായ അപകടങ്ങളിൽ പിഞ്ചു കുഞ്ഞ് ഉൾപ്പെടെ ഒട്ടേറെ പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.
അപകട പരന്പര
ഈ മാസം മൂന്നിനു കദളിക്കാട് കണിയാംകുന്നേൽ അനീഷ് ഫ്രാൻസീസ് (34) ഇതേ റോഡിലുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. പാതയോരത്തു കൂടിനടന്നു പോകുകയായിരുന്ന അനീഷിനെ വാഹനമിടിച്ചായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ മാസം മൂന്നിന് പുലർച്ചെ കദളിക്കാട് ഹോമിയോ ആശുപത്രിക്കു സമീപമുണ്ടായ അപകടത്തിൽ ഉടുന്പന്നൂർ അമയപ്ര ഇടക്കാട്ടിൽ വിശാഖ് (26) മരിച്ചു. ബൈക്കും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം.
കഴിഞ്ഞ ഏപ്രിൽ 17ന് വാഴക്കുളത്തിനു സമീപമുണ്ടായ അപകടത്തിൽ രണ്ടു വയസുകാരനടക്കം മൂന്നു പേരാണ് മരിച്ചത്. വേങ്ങച്ചുവട് കൂവേലിപ്പടിക്കു സമീപം പാഴ്സൽ വാൻ ഇടിച്ച് വേങ്ങച്ചുവട് കുഞ്ചിലക്കാട്ട് പ്രജേഷ്(40) മകൻ അലൻ, അയൽവാസിയായ ഇഞ്ചപ്ലാക്കൽ മേരി (55)എന്നിവരാണ് മരിച്ചത്.
രാവിലെ ഏഴരയോടെ റോഡ് സൈഡിലൂടെ നടന്നുപോയ ഇവരെ നിയന്ത്രണം വിട്ടെത്തിയ പാഴ്സൽ വാൻ ഇടിക്കുകയായിരുന്നു. ഏപ്രിൽ എട്ടിന് മടക്കത്താനത്തുണ്ടായ അപകടത്തിൽ പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മടക്കത്താനം തകിടിയേൽ നജീബ് അബ്ദുൾ കരീം (47) മരിച്ചിരുന്നു. നോന്പുതുറയ്ക്കായുള്ള സാധനങ്ങൾ വാങ്ങാൻ വീടിനു സമീപത്തെ കടയിലേക്കു പോയ നജീബിനെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ മറ്റു രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. അടുത്ത കാലത്ത് നടന്ന ഈ അപകടങ്ങൾക്കു പുറമെ ഇതിനു മുന്പും ഇതേ റൂട്ടിലുണ്ടായത് നിരവധി അപകടങ്ങളാണ്. കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ അപകടത്തിൽ പെട്ട് മരിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
വർഷങ്ങൾക്കു മുന്പ് കെഎസ്യു ജില്ലാ പ്രസിഡന്റായിരുന്ന നിയാസ് കൂരാപ്പള്ളിയുടെ മരണത്തിനിടയാക്കിയതും ഇതേ റൂട്ടിൽ നടന്ന അപകടമാണ്.
അമിതവേഗം
റോഡിന്റെ നിർമാണത്തിലെ അപാകതയും വാഹനങ്ങളുടെ അമിത വേഗവുമാണ് അപകടങ്ങൾക്കു വഴിവയ്ക്കുന്നതാണ് നാട്ടുകാർ പറയുന്നത്.
എന്നാൽ ദിനംപ്രതി അപകടങ്ങൾ ഉണ്ടായിട്ടും ഇതു സംബന്ധിച്ച് പഠനം നടത്താനോ പോരായ്മകൾ പരിഹരിക്കാനോ മോട്ടോർവാഹന, പൊതുമരാമത്ത് വകുപ്പുകൾ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
അധികൃതർക്കു നിസംഗത
ഇത്തരത്തിൽ ചെറുതും വലുതുമായ അപകടങ്ങൾ ഈ പാതയിൽ പതിവായിട്ടും അധികൃതർ ഇതിന്റെ കാരണം കണ്ടെത്താനോ അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാനോ തയാറാകുന്നില്ല.
ബിഎംബിസി നിലവാരത്തിൽ നിർമിച്ച പാതയിൽ വാഹനങ്ങൾക്ക് അമിത വേഗതയിൽ സഞ്ചരിക്കാനാകും. അതിനാൽ വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇതുകൂടാതെ പാതയുടെ നിർമാണത്തിൽ അപാകതയുണ്ടോയെന്ന കാര്യത്തിൽ ശാസ്ത്രീയ പഠനം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.