മന്ത്രിയുമായുള്ള ചർച്ച ആശാവഹം: കെ.കെ. തോമസ്
1300624
Tuesday, June 6, 2023 11:39 PM IST
തൊടുപുഴ: ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നിരാഹാരസമരം അവസാനിപ്പിച്ചതെന്നും അനുകൂല തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാർഥി കണ്സഷൻ സംബന്ധിച്ച പ്രായപരിധി 25 വയസായി നിജപ്പെടുത്തുകയും അർഹതപ്പെട്ടവർക്ക് കണ്സഷൻ അനുവദിക്കുന്നതിനു കാർഡ് സന്പ്രദായം നടപ്പാക്കുമെന്നും ചാർജ് സംബന്ധിച്ച് ഡോ. രവിരാമൻ കമ്മീഷൻ റിപ്പോർട്ടനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നുമാണ് ചർച്ചയിൽ ഉണ്ടായ തീരുമാനം. സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് പഠിക്കുന്നതിനു കമ്മീഷനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി സർവീസ് വിഷയവുമായി ബന്ധപ്പെട്ട തീരുമാനം ഹൈക്കോടതി വിധി പരിശോധിച്ച് തുടർനടപടി സ്വീകരിക്കാനാണ് ധാരണ. വൈപ്പിൻ മേഖലയിലെ 102 സ്വകാര്യബസുകളുടെ പെർമിറ്റ് നിലനിർത്തുന്ന കാര്യം പരിഗണിക്കുമെന്നും ചർച്ചയിൽ മന്ത്രി അറിയിച്ചതായി കെ.കെ.തോമസ് പറഞ്ഞു.
പത്രസമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.സലിം, ട്രഷറർ പി.എം.ജോർജ് എന്നിവരും പങ്കെടുത്തു.