സ്കൂളുകളിൽ ഇന്ന് ഉത്സവമേളം
1299025
Wednesday, May 31, 2023 11:03 PM IST
തൊടുപുഴ: രണ്ടു മാസത്തെ അവധിക്കു ശേഷം അക്ഷരമുറ്റങ്ങൾ ഇന്നു മുതൽ വീണ്ടും കുട്ടികളുടെ ആഹ്ലാദാരവങ്ങളിലേക്ക്. രണ്ടു മാസത്തെ വേനലവധി അടിപൊളിയാക്കിയ കുട്ടിക്കൂട്ടങ്ങൾക്കു പുറമെ നവാഗതരും ഇന്നു വിദ്യാലയങ്ങളുടെ പടികയറും. പഴയ കൂട്ടുകാർ അവധിക്കാല വിശേഷങ്ങളുമായി സ്കൂളുകളിലെത്തുന്പോൾ അധ്യയനത്തിന്റെ മധുരം നുണയാൻ പുതുതായി എത്തുന്നവരമുണ്ട്. കുട്ടികളെ വരവേൽക്കാനായി വിദ്യാലയങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പും സ്കൂൾ അധികൃതരും പിടിഎയും ചേർന്ന് ഒരുക്കിയിരിക്കുന്നത്.
ഒന്നാം ക്ലാസിലേക്ക് 5506 പേർ
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 496 സ്കൂളുകളിലായി നിലവിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് 5,506 കുട്ടികളാണ്. ഇനിയും കൂടുതൽ കുട്ടികൾ ഈ അധ്യയന വർഷം തന്നെ സ്കൂളുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. സ്കൂൾ തുടങ്ങി ആറാം പ്രവൃത്തി ദിവസമാണ് കുട്ടികളുടെ കണക്കെടുപ്പ് പൂർത്തിയാകുന്നത്.
സുരക്ഷ ഉറപ്പാക്കി
ജില്ലയിൽ സ്കൂളുകളുടെ സുരക്ഷാ പരിശോധനകൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഏതെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കാനുള്ള നിർദേശവും വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നൽകിയിട്ടുണ്ട്. താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യു ഇന്നു മുതൽ ആരംഭിക്കും. പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള അധ്യാപകരുടെ പരിശീലനവും പൂർത്തിയായി.
വിദ്യാർഥികളെ എത്തിക്കാനും നടപടി
ആദിവാസി മേഖലകകളിൽ നിന്നും മറ്റും കുട്ടികൾ സ്കൂളുകളിൽ എത്താതിരുന്നാൽ അവരെ തിരികെയെത്തിക്കാനുള്ള നടപടികൾ എസ്എസ്കെയുടെ നേതൃത്വത്തിൽ ഇന്നു മുതൽ ആരംഭിക്കും. വിവിധ കാരണങ്ങളാൽ സ്കൂളിലെത്താത്തവരെ കണ്ടെത്തി അവർക്ക് തുടർ പഠനത്തിനു സൗകര്യമൊരുക്കുമെന്നു വിദ്യാകിരണം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എ.ബിനുമോൻ പറഞ്ഞു.
ജില്ലാ പ്രവേശനോത്സവം
പണിക്കൻകുടിയിൽ
ജില്ലാതല പ്രവേശനോത്സവം ഇന്ന് രാവിലെ ഒൻപതിനു പണിക്കൻകുടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഷീബ ജോർജ് സന്ദേശം നൽകും. ഇതിനു പുറമെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ പ്രത്യേക പ്രവേശനോത്സവവും സംഘടിപ്പിക്കും. ഈ വർഷം മുതൽ ഇടമലക്കുടി ഗവ.എൽപി സ്കൂൾ യുപി ആയി ഉയർത്തുന്നതിനു മുന്നോടിയായി അഞ്ചാം ക്ലാസ് കൂടി ആരംഭിക്കും. പുതിയ കെട്ടിട നിർമാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി രണ്ടു കോടിയും അനുവദിച്ചിട്ടുണ്ട്.