ന്യൂമാനിൽ എൻസിസി ഉന്നത പരിശീലനകേന്ദ്രം ആരംഭിച്ചു
1298708
Wednesday, May 31, 2023 3:48 AM IST
തൊടുപുഴ: എൻസിസി കേഡറ്റുകൾക്കായുള്ള ഉന്നത പരിശീലന കേന്ദ്രത്തിന് ന്യൂമാൻ കോളജിൽ തുടക്കമായി. സായുധസേന, കമാൻഡോ, എൻസിസിയുടെ പ്രത്യേക പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാത്രം ക്രമീകരിക്കപ്പെടുന്ന സൗകര്യങ്ങളാണ് കോളജ് കാന്പസിനോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്.
ആയുധ പരിശീലനം, സാഹസിക അഭിരുചി, കായിക ക്ഷമത എന്നിവ പരിപോഷിപ്പിക്കുന്നതിന് ഉപകരിക്കുന്ന സംവിധാനങ്ങൾ ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ പരിശീലന കേന്ദ്രത്തിൽ ക്രമീകരിച്ചിട്ടുണ്ട്. വിവിധ സേനാവിഭാഗങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനും എൻസിസിയുടെ ഉയർന്ന ക്യാന്പുകളിലേക്കുള്ള സെലക്ഷനും കേന്ദ്രം പ്രയോജനകരമാകും.
കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ശിലാഫലകം അനാച്ഛാദനം ചെയ്തു. രാഷ്ട്ര നിർമാണ പ്രക്രിയയിൽ കുട്ടികളെ സജീവ പങ്കാളികളാക്കുന്നതിന് ഉപകാരപ്പെടുന്ന സജ്ജീകരണങ്ങൾ നിർമിക്കുന്നതിൽ കോളജ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ട്രെയിനിംഗ് സെന്ററിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്ന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി യുവജനങ്ങളുടെ കായിക ക്ഷമതയും, ആത്മവിശ്വാസവും ദിശാബോധവും തൊഴിലവസരവും വളർത്തുന്നതിന് ഉപകരിക്കുന്ന പരിശീലനം സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻ സിസി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് എഡിജി മേജർ ജനറൽ അലോക് ബേരി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, കോളജ് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ, എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ബിജു ശാന്താറാം, 18 കേരള ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ ലാൻസ് ഡി റോഡ്രിഗ്രസ്, പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി.മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. സാജു ഏബ്രഹാം, ബർസാർ ഫാ.അബ്രഹാം നിരവത്തിനാൽ എന്നിവർ പ്രസംഗിച്ചു.